രണ്ട് വിമാനത്താവളങ്ങള്‍ക്ക് ഏത് സാഹചര്യവും നേരിടാന്‍ ജാഗ്രതാ നിര്‍ദ്ദേശം, മുക്കാല്‍ മണിക്കൂര്‍ നേരത്തെ അനിശ്ചിതാവസ്ഥ; സൗദിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി കൊച്ചിയില്‍ ഇറക്കി


കോഴിക്കോട് : ജിദ്ദയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. മൂന്നുതവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റൺവേയിൽ ഇറക്കാൻ സാധിച്ചത്.

എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യം മുന്നിൽകണ്ടാണ് കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത് എന്നാണ് വിവരം. കോഴിക്കോട് വിമാനം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നതോടെ വിവരം യാത്രക്കാരുമായി പങ്കുവെച്ചിരുന്നു.

മുക്കാൽ മണിക്കൂറിലേറെ നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് വിരാമം ആകുമ്പോഴേക്കും യാത്രക്കാരിൽ ഏറെയും ജീവ ഭയത്തിലായി കഴിഞ്ഞിരുന്നു. ജീവനോടെ ബന്ധുക്കളെ കാണാനാകുമോ എന്ന് പേടിച്ചു പോയിരുന്നെന്ന് യാത്രക്കാരിൽ ഒരാൾ പ്രതികരിച്ചു.

കോഴിക്കോട് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കൊച്ചിയിൽ ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രണ്ട് വിമാനത്താവളങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ രണ്ടുപ്രാവശ്യം കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യമുണ്ടായി.
കോഴിക്കോട് ലാൻഡ് ചെയ്യാൻ ആവില്ലെന്ന് വ്യക്തമായതോടെ കൊച്ചിയിലേക്ക് പറത്തിയ വിമാനം ഇവിടെ മൂന്നു തവണ ലാൻഡ് ചെയ്യാൻ ശ്രമം നടത്തിയ ശേഷം നാലാമത് നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്.

എട്ടര വരെയുള്ള സമയത്തേക്ക് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും 7.19ന് വിമാനം വിശദമായി ഇറക്കിയതോടെ അടിയന്തരാവസ്ഥ പിൻവലിക്കുകയായിരുന്നു. യാത്രക്കാരെ ടെർമിനലിലേക്കു മാറ്റിയിട്ടുണ്ട്.

കോഴിക്കോട് പോകേണ്ട യാത്രക്കാരെ ദുബായിൽ നിന്നെത്തുന്ന എസ് ജി17 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു വൈകിട്ട് 6.26ന് കോഴിക്കോട് ഇറങ്ങേണ്ടത് സ്പൈസ് വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടർന്ന് അടിയന്തര സാഹചര്യം സൃഷ്ടിച്ചത്.