ആഘോഷത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങള്‍; ചക്കിട്ടപാറ പള്ളി തിരുനാളിനു തുടക്കമായി
ചക്കിട്ടപാറ: ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷത്തിനു ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍ തുടക്കമായി. 12 ദിവസം നീണ്ടു നില്‍ക്കുന്ന സംയുക്ത തിരുനാളാഘോഷമാണ് നടക്കുക. വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശേരി ബുധനാഴ്ച്ച വൈകുന്നേരം കൊടിയേറ്റ് നടത്തി. തുടര്‍ന്നു ഫാ. ജോണ്‍സണ്‍ നന്തലത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന എന്നിവ നടന്നു.
ബിജ്നോറില്‍ വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപാറ സ്വദേശിയായ യുവ വൈദീകന്‍ ഫാ. മെല്‍ബിന്‍ പി. അബ്രാഹത്തിനെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനയുമുണ്ടായിരുന്നു. ഇന്നലെ മുതല്‍ ഫെബ്രുവരി മൂന്നു വരെ ഇട ദിവസങ്ങളില്‍ രാവിലെ ആറരക്കും വൈകുന്നേരം നാലരക്കും വിശുദ്ധ കുര്‍ബാനയും നൊവേനയുമുണ്ടാകും.
ഞായറാഴ്ച രാവിലെ 7,10, വൈകുന്നേരം നാല് ക്രമത്തിലാണു ചടങ്ങുകള്‍. ഫാ. നിര്‍മ്മല്‍ പുലയന്‍ പറമ്പില്‍, ഫാ. സെബാസ്റ്റിയന്‍ കവളക്കാട്ട്, ഫാ. പയസ് നെല്ലിയാനി, ഫാ. സണ്ണി കളപ്പുര, റവ. ഡോ. ജോണ്‍സണ്‍ പാഴുകുന്നേല്‍, ഫാ. ജോസഫ് കൂനാനിക്കല്‍, ഫാ. മാത്യു നിരപ്പേല്‍, ഫാ. മാത്യു തകിടിയേല്‍ എന്നിവര്‍ കാര്‍മികരാവും. ഫെബ്രുവരി 3, 4, 5 തിയതികളിലാണു പ്രധാന ആഘോഷം.
3 ന് പരേതരെ അനുസ്മരിക്കുന്ന ദിനമായി ആചരിക്കും. വിശുദ്ധ കുര്‍ബാനയും ലദീഞ്ഞുമുണ്ടാകും. രാത്രി 7.15 നു പാലാ കമ്മ്യൂണിക്കേഷന്റെ നാടകം: അകവും പുറവും.
ഫെബ്രുവരി നാലിനു രാവിലെ 6.30 ന് തിരുസ്വരൂപം എഴുന്നള്ളിച്ചു വെയ്ക്കല്‍. തുടര്‍ന്നു ഫാ.ബിജു വള്ളിപ്പറമ്പില്‍ കാര്‍മികത്വം വഹിച്ച് വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും.വൈകുന്നേരം 4.45 നു പ്രസുദേന്തി വാഴ്ച, തുടര്‍ന്നു ഫാ. ജോര്‍ജ് തുറയ്ക്കലിന്റെ നേതൃത്വത്തില്‍ നവ വൈദീകര്‍ കാര്‍മികത്വം വഹിച്ച് ആഘോഷമായ തിരുനാള്‍ കുര്‍ബാന. 6.45 നു തലച്ചിറ റേഷന്‍ കട ഭാഗത്തേക്ക് പ്രദക്ഷിണം, ആശീര്‍വാദം, വാദ്യ മേളങ്ങള്‍, ആകാശ വിസ്മയം.
സമാപന ദിനമായ ഫെബ്രുവരി അഞ്ചിനു രാവിലെ ഏഴിനു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ.മാത്യു കളപ്പുര കാര്‍മികനായിരിക്കും. രാവിലെ 10നു ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. വിന്‍സന്റ് കണ്ടത്തില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്നേഹ വിരുന്ന് എന്നവ നടക്കും.
summary: the festival began at St. Antony’s Church chakkittapara