സംസ്ഥാനത്ത് ഡിസംബർ 10ന് തദ്ദേശ ഉപതിരഞ്ഞെടുപ്പ്; മഷിപുരട്ടേണ്ടത് വോട്ടർമാരുടെ നടുവിരലിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടത് കയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ സാധ്യതയില്ല. അതിനാലാണ് പുതിയ നിർദ്ദേശം.
സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേക്കാണ് ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടറുടെ ഇടതു ചൂണ്ടുവിരലിൽ മഷിയടയാളം നേരത്തേ ഉണ്ടെങ്കിൽ ചട്ടപ്രകാരം വോട്ട് ചെയ്യാനാകില്ല. അതിനാലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ചത്. തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാൻ പോളിങ് ഉദ്യോഗസ്ഥർക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി. ഈ നിർദേശം ഡിസംബർ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതാണ്.