നാട്ടുകാരുടെ പരിശ്രമം; മരുതോങ്കര പഞ്ചായത്തിന്റെ ഭാഗത്ത് കുറത്തിപ്പാറ പാലത്തിന് അനുബന്ധറോഡൊരുങ്ങി
പെരുവണ്ണാമൂഴി: നാട്ടുകാരുടെ പരിശ്രമം കുറത്തിപ്പാറ പലത്തിന് അനുബന്ധ റോഡ്. ചെമ്പനോട കുറത്തിപ്പാറയില്‍ കടന്തറപുഴയ്ക്ക് കുറുകെ പാലംനിര്‍മിച്ചതിന് പിന്നാലെ പാലത്തിനടുത്തേക്ക് റോഡൊരുക്കാന്‍ ശ്രമദാനവുമായി നാട്ടുകാര്‍ മുന്നിട്ടിറങ്ങി. ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പാലത്തിന് ഇരുഭാഗത്തുമുള്ള നാട്ടുകാര്‍ റോഡൊരുക്കാന്‍ ഒന്നിച്ചിറങ്ങിയത്.
പ്രദേശവാസികള്‍ തന്നെ വിട്ടുനല്‍കിയ സ്ഥലത്ത് കൂടിയാണ് റോഡ് നിര്‍മിച്ചത്. മരുതോങ്കര പഞ്ചായത്തിലെ സെന്റര്‍ മുക്ക് ഭാഗത്ത് കുറച്ച് സ്ഥലം കൂടി വിട്ടുകിട്ടുന്നതോടെ വലിയ വാഹനം പോകുന്ന പാതയൊരുക്കാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടയില്‍ തോടിന് പാലവും നിര്‍മിക്കണം. ഇവിടെ പൈപ്പിട്ട് ഇപ്പോള്‍ താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഒരു കോടിയോളം ചെലവിലാണ് ചെമ്പനോട കുറത്തിപ്പാറയെയും മരുതോങ്കരയിലെ സെന്റര്‍മുക്കിനെയും ബന്ധിപ്പിക്കാനായി ഇരുമ്പ് പാലം നിര്‍മിച്ചത്. നിപ രോഗബാധിതയായി അകാലത്തില്‍ വിടപറഞ്ഞ നഴ്‌സ് ലിനിയുടെ സ്മാരകം കൂടിയാണീപാലം.
പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരളക്കായിരുന്നു (സില്‍ക്ക്) പാലം നിര്‍മാണച്ചുമതല. തിരുവല്ലയിലെ ഇനോസ്‌പെയര്‍ ടെക്നിക്കല്‍ സൊല്യൂഷന്‍ കരാറെടുത്തപാലം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇരുവശത്തും രണ്ട് തൂണുകളായുള്ള പാലത്തിന് 45 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുണ്ട്. പുഴയുടെ തറ നിരപ്പില്‍ നിന്ന് 3.5 മീറ്റര്‍ ഉയരത്തിലാണ് പാലം.
ചെമ്പനോട ഭാഗത്ത് പാലത്തിന് അടുത്തെത്താന്‍ പുഴയ്ക്ക് സമീപത്ത് വരെ റോഡുണ്ട്. ഇതില്‍ പാലത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് ടാറിങ് നടത്താനുണ്ട്. ചെമ്പനോടയില്‍നിന്ന് നൂറ് മീറ്റര്‍ ദൂരത്തില്‍ നേരത്തേയുള്ള ടാര്‍ചെയ്ത റോഡ് റീടാര്‍ ചെയ്ത് നവീകരിക്കും. ഇതിനുള്ള നടപടി ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു. മരുതോങ്കര പഞ്ചായത്ത് ഭാഗത്തെ റോഡ് ടാറിങ്ങിനും പഞ്ചായത്ത് നേതൃത്വത്തില്‍ നടപടി സ്വീകരിക്കും. ജനുവരിയോടെ അപ്രോച്ച് റോഡൊരുക്കി പാലം ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം.
ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, സ്ഥിരം സമിതി ചെയര്‍മാന്‍ സി.കെ ശശി, പഞ്ചായത്തംഗം കെ.എ ജോസുകുട്ടി, മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ അശോകന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ ബാബുരാജ്, പഞ്ചായത്തംഗം ഡെന്നി പെരുവേലില്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.പി രാജന്‍, റോബിറ്റ്, സുരേന്ദ്രന്‍ എള്ളില്‍, ബിജു കപ്പിലാമൂട്ടില്‍, ജോസ് കാവില്‍പുരയിടം, വാസു സെന്റര്‍ മുക്ക് തുടങ്ങിയവര്‍ പങ്കാളികളായി.
summary: the efforts of the locals have led to the construction of a supplementary road near the outer bridge