ഡി.എന്‍.എ ഫലം വന്നു; തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചതായി പൊലീസ്


പേരാമ്പ്ര: തിക്കോടി കോടിക്കല്‍ ബീച്ചില്‍ ജൂലൈ 17ന് കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശിയുടേതെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. വടകര നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോഴിക്കോട് റൂറൽ എസ്.പി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കോടിക്കല്‍ ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂരിൽ നിന്ന് കാണാതായ കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റേതാണെന്നാണ് ആദ്യം കരുതിയത്. ബന്ധുക്കളെത്തി തിരിച്ചറിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കുകയും ചെയ്തിരുന്നു. അതേ സമയം മരിച്ചത് ദീപക്കല്ലെന്ന് ബന്ധുക്കളും ചില നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എന്നാൽ മരിച്ചത് ദീപക്കല്ലെന്ന് തെളിയിക്കുന്ന ഡി.എൻ.എ പരിശോധനാ ഫലം കഴിഞ്ഞ ദിവസം പുറത്തു വന്നു.

ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായവരുടെ മൊഴിയിൽ യുവാവ് പുഴയിൽ ചാടിയതായി പറഞ്ഞിരുന്നു. ഇതാണ് മൃതദേഹം ഇര്‍ഷാദിന്റേതാവാമെന്ന സംശയത്തിലേക്ക് നിയച്ചത്. തുടർന്ന് ഇന്നലെ ഇർഷാദിന്റെ മാതാപിതാക്കളുടെ സാമ്പളികൾ ശേഖരിച്ചു. ഇതിന്റെ ഫലമാണ് ഇന്ന് വന്നത്.

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മൂന്നുപേരുടെ മൊഴി പ്രകാരം ജൂലൈ പതിനഞ്ചിന് കോഴിക്കോട് അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് പറഞ്ഞത്. ഒരാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി പുഴയിലേക്ക് ചാടുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലരും മൊഴി നല്‍കിയിരുന്നു. ഇതിന് അടുത്ത ദിവസമാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്.