ജീവിതത്തിനും മരണത്തിനുമിടയിലെ നാഴികദൂരം! പിടിവള്ളിയായത് ‘പൈപ്പ്’; നൊച്ചാട് വാല്യക്കോട്ടെ ലീലയ്ക്ക് ഇത് പുനര്‍ജന്മം


പേരാമ്പ്ര: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍…. ഒരു മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ അപകടം സംഭവിച്ചേനെ. നൊച്ചാട് വാല്യക്കോട് അമ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ വയോധികയെ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റി പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 10.59 ഓടെയാണ് ഒരാള്‍ കിണറ്റില്‍ അബദ്ധത്തില്‍ വീണെന്ന ഫോണ്‍ കോള്‍ സ്റ്റേഷനിൽ വരുന്നത്.

ഉടന്‍ തന്നെ സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷന്റെ നേതൃത്വത്തിലുള്ള സംഘം ചാലുപറമ്പില്‍ വീട്ടിലേക്ക് കുതിച്ചു. സംഭവസ്ഥലത്ത് എത്തുമ്പോള്‍ കിണറ്റിലെ പമ്പ് സെറ്റിന്റെ പൈപ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു ലീല. ഉടന്‍ തന്നെ റെസ്‌ക്യൂ നെറ്റില്‍ കിണറ്റിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെ വയോധികയെ രക്ഷിച്ചു. തുടര്‍ന്ന് സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്രയിലെ ആശുപത്രിയിലെത്തിച്ച വയോധിക പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു.

വിവരം ലഭിച്ചയുടന്‍ തന്നെ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ഓഫീസര്‍മാര്‍ സംഭവസ്ഥലത്ത് എത്തിയതിനാലാണ് ലീലയുടെ ജീവന്‍ തിരിച്ചു കിട്ടിയത്. എഎസ്ടിഒ എന്‍.ഗണേഷന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.വിനീത്, പി.കെ സജീഷ്, കെ.രഗഗിനേഷ്, എം.മനോജ്, കെ.കെ ഗിരീഷ്, പി.ആര്‍ സോജു, എച്ച്ജി മാരായ അനീഷ് കുമാര്‍, ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Summary: The distance between life and death! The catch is ‘pipe’; This is the reincarnation of Nochad Valyakote Leela