ചെങ്കടലാകാൻ ഒരുങ്ങി വടകര; ജില്ലയിൽ സിപിഎമ്മിന്റെ അമരത്ത് പുതുതായി ആര് വരും എന്ന ചർച്ച സജീവം
വടകര: സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി മോഹനൻ പടിയിറങ്ങുന്നു. സെക്രട്ടറി സ്ഥാനത്ത് മൂന്ന് ഊഴം പൂർത്തിയായതോടെയാണ് പടിയിറങ്ങുന്നത്. മോഹനൻ ഒഴിയുമ്പോൾ ജില്ലയിൽ പാർട്ടിയുടെ അമരത്ത് ആര് വരും എന്ന ചർച്ച സജീവമായി കഴിഞ്ഞു.
സെക്രട്ടേറിയറ്റ് അംഗവും കൺസ്യൂമർഫെഡ് ചെയർമാനുമായ എം. മെഹബൂബ്, സെക്രട്ടേറിയറ്റ് അംഗം കെ.കെ. ദിനേശൻ, മുൻ എം.എൽ.എ. പ്രദീപ് കുമാർ എന്നിവരുടെ പേരുകൾ അണികൾക്കിടയിൽ നിന്നും പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കോഴിക്കോട് പ്രധാനപ്പെട്ട ശക്തികേന്ദ്രങ്ങളിലൊന്നാണ്. ശക്തമായ നേതൃത്വം ജില്ലയിൽ ഉണ്ടാകണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
സിപിഎം ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ വടകര നഗരം ഒരുങ്ങി. ഈ വരുന്ന 29,30,31 എന്നീ തിയ്യതികളിലാണ് സിപിഎം ജില്ലാ സമ്മേളനം വടകരയിൽ നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി ദിനവും വിവിധ സാസ്ക്കാരിക പരിപാടികളാണ് സാസ്ക്കാരിക ചത്വരത്തിൽ സംഘടിപ്പിക്കുന്നത്.