കൊയിലാണ്ടി താലൂക്കിലെ പഞ്ചായത്തുകളിലെ വയൽ നികത്തൽ, അനധികൃത ക്വാറി എന്നിവ വർധിക്കുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് വികസന സമിതി യോഗം


പേരാമ്പ്ര: കൊയിലാണ്ടി താലൂക്കിലെ പഞ്ചായത്തുകളിൽ വർധിച്ചു വരുന്ന തോട് – വയൽ നികത്തൽ, അനധികൃത ക്വാറി നടത്തിപ്പ് എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമായി.

കരുവോട് ചിറയിലടക്കം നടക്കുന്ന അനധികൃത നികത്തലിനെക്കുറിച്ച് ആർ.എം.പി. പ്രതിനിധി എം.കെ. മുരളീധരൻ വികസന സമിതിയിൽ രേഖാമൂലം ഉന്നയിച്ച പരാതിയിലാണ് തീരുമാനം. തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു, കൃഷി വകുപ്പുകൾ പരാതി വരുന്ന മേഖലകൾ പരിശോധിക്കാൻ തീരുമാനമായി.


ഇതോടെ കൊയിലാണ്ടി താലൂക്കിലെ മണ്ണ്, ക്വാറി മാഫിയ സംഘത്തിനു കടിഞ്ഞാണിടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കരുവോട് ചിറ മേഖലയിൽ ഇതിനു തുടക്കം കുറിക്കും.

പുറക്കാമലയിൽ ഖനനം നടത്താൻ ക്വാറി മാഫിയ നീക്കം നടത്തുന്നതായി എം.കെ. മുരളി യോഗത്തിൽ മുന്നറിയിപ്പു നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡന്റുമാരും താലൂക്ക് വികസന സമിതി അംഗങ്ങളും വിവിധ വകുപ്പുദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.