കുരുന്നുകളെ വാഹനങ്ങളിൽ അം​ഗനവാടിയിലെത്തിക്കണം, അവശ്യ സാധനങ്ങളും കൊണ്ടുവരണം; പേരാമ്പ്ര കല്ലോട് തച്ചറത്ത്കണ്ടി അംഗൻവാടി റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യം ശക്തമാകുന്നു


പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി അംഗൻവാടിയിലേക്ക് റോഡിന് വേണ്ടി കാത്തിരുന്ന് മടുത്തെന്ന് നാട്ടുകാർ. അങ്കണവാടിയിലേക്കുള്ള റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. എൽ.പി.ജി സിലിണ്ടർ, കുട്ടികൾക്കും അമ്മമാർക്കുമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ഭാരമുള്ള ചാക്കുകൾ ദൂരെ ഇറക്കി ജീവനക്കാർ തലയിലേറ്റിയാണ് അങ്കണവാടിയിൽ എത്തിക്കുന്നത്. കുട്ടികളെ അമ്മമാർ ഏറെ ദൂരം നടത്തികൊണ്ടുവരുന്ന സ്ഥിതിയുമുണ്ട്.

ചേനായി റോഡ്-കരിമ്പനകണ്ടിതാഴെ-അംഗനവാടി റോഡ് എന്ന പേരിൽ രണ്ട് തവണയായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്‌ നിർമ്മിച്ച റോഡ് അംഗനവാടിയുടെ പേരിൽ ബോർഡ് വെച്ച് അറിയപ്പെടുന്നുണ്ട്. എന്നാൽ ഈ റോഡ് അങ്കണവാടിയിൽ എത്തുവാൻ ഏതാണ്ട് 50 മീറ്റർ ദൂരം ഇനിയും ബാക്കിയുണ്ട്. ബാക്കിയുള്ള ഭാ​ഗത്ത് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് നാട്ടുകാരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും നടപടിയൊന്നുമായില്ല.

പ്രസ്തുത റോഡ് അംഗൻവാടിയിൽ എത്തിക്കുവാൻ വേണ്ട നടപാടികൾ അടിയന്തിരമായി പരിഗണിക്കുവാൻ അധികൃതർ ശ്രദ്ധിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഭാവന തിയേറ്റേഴ്‌സ് ജനറൽ ബോഡി യോഗത്തിൽ പ്രമേയം പാസാക്കി. ജോബി സുജിൽ, സുധീന്ദ്രൻ.സി.കെ, എന്നിവർ സംസാരിച്ചു.