സിപിഎം ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനം തുടരുന്നു, ഇന്ന് പൊതുചർച്ചയും മറുപടിയും


വടകര: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തുടരുന്നു. നാരായണ ന​ഗരത്തിൽ ഒരുക്കിയ കോടിയേരി ബാലകൃഷ്ണൻ ന​ഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മുതൽ പൊതു ചർച്ച ആരംഭിച്ചു . ​ഇന്ന് ഉച്ചയോടെ ചർച്ച അവസാനിക്കും. ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന കമ്മിറ്റി ഭാരവാഹികളും ചർച്ചയ്ക്ക് മറുപടി പറയും.

ഇന്നലെ രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ബുധനാഴ്ച പ്രതിനിധിസമ്മേളനം ഉദ്ഘാടന ശേഷം ജില്ലാ സെക്രട്ടറി പി. മോഹനൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ വൈകീട്ട് അഞ്ചരമുതൽ ഗ്രൂപ്പ്ചർച്ചയും പിന്നാലെ പൊതുചർച്ചയും ആരംഭിക്കുകയായിരുന്നു.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് സമ്മേളനത്തിനെത്തും. നാളെയാണ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ്. നാളെ ഉച്ചയ്ക്ക് മുൻപ് കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ പുതിയ അമരക്കാരനെ പാർട്ടി പ്രഖ്യാപിക്കും.വൈകീട്ട്‌ ചുവപ്പുസേനാമാർച്ചും ബഹുജനറാലിയും അഞ്ചിന്‌ സീതാറാം യെച്ചൂരി നഗറിൽ മുഖ്യമന്ത്രിയും പൊളിറ്റ്‌ ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.