തിരക്ക് കുറയ്ക്കാനിറക്കിയ ട്രെയിൻ തിരക്കുള്ള ദിവസം ഓടുന്നില്ല; ഷൊർണൂർ- കണ്ണൂർ സ്പെഷ്യൽ ട്രെയിനിനെതിരെ ആക്ഷേപവുമായി വടകരയിലെ പാസഞ്ചേർസ്
വടകര: ഷൊർണൂർ- കണ്ണൂർ സ്പെഷ്യൽ ട്രെയിനിനെതിരെ ആക്ഷേപവുമായി ട്രെയിൻ പാസഞ്ചേർസ്. മലബാറിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനായി റെയിൽവേ പ്രഖ്യാപിച്ചതാണ് കണ്ണൂർ- ഷൊർണൂർ ട്രെയിൻ അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ്. പുതുതായി വന്ന ഈ സ്പെഷ്യൽ തീവണ്ടി തിരക്ക് കൂടുതലുള്ള ശനി,ഞായർ, തിങ്കൾ ദിവസങ്ങളിൽ സർവ്വീസ് നടത്തുന്നില്ല.
ഈ ദിവസങ്ങളിൽ വൈകീട്ട് പരശുറാം, നേത്രാവതി ഉൾപ്പെടെയുള്ള മറ്റ് ട്രെയിനുകളേയാണ് പാസഞ്ചേർസ് ആശ്രയിക്കുന്നത് . ഇതിനാൽ തിരക്ക് പതിവുപോലെ തുടരുകയും ചെയ്യുന്നു. ജനറൽ കമ്പാർട്ട്മെന്റുകളിൽ ശ്വാസം അടക്കിപിടിച്ച് നിൽക്കേണ്ട അവസ്ഥയാണെന്ന് പാസഞ്ചേർസ് പറയുന്നു. ഇതിന് ഒരു പരിഹാരം കാണാൻ റെയിൽവേ അധികൃതർ തയ്യാറാകണമെന്നതാണ് ഇവരുടെ ആവശ്യം.
അതേ സമയം ഷൊർണൂർ കണ്ണൂർ ട്രെയിൻ അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് മംഗലാപുരം വരെ നീട്ടണമെന്നും ആവശ്യം ഉയരുന്നുണ്ട്.