കൊയിലാണ്ടി മുത്താമ്പി പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് മേപ്പയ്യൂരിൽ നിന്നും കാണാതായ യുവതി


കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പയ്യൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ കോട്ടക്കുന്നിൽ സ്‌നേഹാജ്ഞലി (26) ആണ് മരിച്ചത്. ചങ്ങരംവള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ രാവിലെ 7.15 മുതലാണ് സ്‌നേഹയെ കാണാതായത്.

ഇന്നലെ വൈകീട്ടോടെ പുഴക്കരയിൽ നിന്നും മീൻ പിടിക്കുകയായിരുന്നവർ പുഴയിൽ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി പോലീസിനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് കൊയിലാണ്ടി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രാത്രി ഏറെ വൈകിയിട്ടും ആരെയും കണ്ടെത്തനായിരുന്നില്ല. തുടർന്ന് ഇന്ന് അതിരാവിലെയോടെ വീണ്ടും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയുടെ നേതൃത്വത്തിൽ എ എസ് ടി ഓ മാരായ ,മജീദ് എം,പി കെ ബാബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്‌,ജിനീഷ് കുമാർ, ഇർഷാദ് ടികെ,സിജിത്ത് സി,സുകേഷ് കെ ബി, സനൽരാജ് കെ എം,രജിലേഷ്,ഷാജു കെ,നിതിൻ രാജ്,സുജിത്,ഹോംഗാർഡ് മാരായ രാജേഷ് കെ പി സോമകുമാർ, അനിൽകുമാർ, ബാലൻ എം എന്നിവർ തെരച്ചിലിൽ പങ്കെടുത്തു.

അച്ഛൻ: പരേതനായ ബാബു പണ്ടാകണ്ടി ഉരള്ളൂർ.
അമ്മ: സുമ.
സഹോദരി: കൃഷ്ണാഞ്ചലി