അപ്രതീക്ഷിതം, തീരാവേദന; വില്യാപ്പള്ളിയെ നടുക്കി നാരായണിയുടെ മരണം, സംസ്‌കാരം ഇന്ന്
വടകര: വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് മരണപ്പെട്ട വയോധികയുടെ സംസ്‌കാരം ഇന്ന്. വില്യാപ്പള്ളി യു.പി സ്‌കൂളിന് സമീപം കായക്കൂല്‍ താഴെ കുനിയില്‍ നാരായണി (80) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നാണ് വിവരം.
ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. സംഭവം നടക്കുമ്പോൾ നാരായണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപകടകാരണം വ്യക്തമല്ല. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നാരായണി വീടിന് പുറത്തേക്ക് അധികം പോകാറുണ്ടായിരുന്നില്ല. ഇരുനില വീടിൻ്റെ താഴത്തെ ഭാഗം സെൻട്രൽ ഹാളിലാണ് തീ പടർന്നത്. ഹാളിലുണ്ടായിരുന്ന സോഫ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ കത്തി നശിച്ചു. മുൻ ഭാഗത്തെ രണ്ടും പിറക് വശത്തെ ഒന്നും ജനലുകളും, മുൻവശത്തെ കട്ടിലയും ഹാളിൽ നിന്നും മറ്റൊരു മുറിയിലേക്കുള്ള കട്ടിലയും കത്തി നശിച്ചു. ജനലിൻ്റ ചില്ലുകൾ ചൂടേറ്റ് പൊട്ടിയ നിലയിലായിരുന്നു.

കോൺക്രീറ്റിലെ ഇൻഡീരിയൽ വർക്കുകളും കത്തി നശിച്ച നിലയിലാണ്. അപകട സമയത്ത് നാരായണിയുടെ മകൻ്റ ഭാര്യയും മകളും അയൽപക്കത്തെ വീട്ടിലായിരുന്നു. പുക ഉയരുന്നത് കണ്ടാണ് ഇവർ വീട്ടിലേക്ക് എത്തിയത്. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് തീ അണക്കുകയായിരുന്നു. ശക്തമായ ചൂടിലും പുകയിലും ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചതിനാൽ ഓടിയെത്തിയവർക്ക് സമീപത്തേക്ക് എത്താൻ കഴിയാത്ത നിലയിലായിരുന്നു. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മോഹനൻ്റെ അമ്മയാണ് മരിച്ച നാരായണി.
Description: The cremation of an elderly woman who died in a house fire in Villyapally today