കാലവര്‍ഷത്തെത്തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെക്കപ്പട്ട ഒരു തൂണിന്റെ പണി പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല; കുറ്റ്യാടിപ്പുഴയിലെ തോട്ടത്താങ്കണ്ടിക്കടവ് പാലം പണി പാതിവഴിയില്‍
കുറ്റ്യാടി: തൂണിന്റെ നിര്‍മ്മാണ പ്രവൃത്തി വൈകുന്നത് കാരണം കുറ്റ്യാടി പുഴയിലെ തോട്ടത്താങ്കണ്ടിക്കടവ് പാലം പണി പാതിവഴിയില്‍. കഴിഞ്ഞതവണ കാലവര്‍ഷം നേരത്തെ എത്തിയതിനെ തുടര്‍ന്ന് ഒരു തൂണിന്റെ പ്രവൃത്തി തടസ്സപ്പെടുകയായിരുന്നു. പുഴയില്‍ കുഴിയെടുത്ത് തൂണുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ ശക്തമായ മഴ ആരംഭിക്കുകയും സാമഗ്രികള്‍ ഒഴുകിപ്പോവുകയുമായിരുന്നു. എന്നാല്‍ അന്നു നിര്‍ത്തിയ പണി ഇതുവരെ പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല.
നാലു തൂണുകളോടുകൂടി 117 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ഒരു തൂണിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. ഇതുവരെ പുഴയിലെ ശക്തിയായ ഒഴുക്കിനും ശമനമായിട്ടില്ല. പാറയില്‍ ഡ്രില്‍ ചെയ്താണ് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നത്. നാല് തൂണുകളില്‍ രണ്ടെണ്ണം പുഴയിലും രണ്ടെണ്ണം കരയിലുമാണ്. പുഴയിലെ ഒരു തൂണും കരയിലെ രണ്ട് തൂണും സൈഡ് ഭിത്തികളും കാലവര്‍ഷത്തിനുമുമ്പെ പണി പൂര്‍ത്തിയായിരുന്നു.
തൂണിന്റെ നിര്‍മാണനടപടികളുടെ ഭാഗമായി പൂഴിച്ചാക്കുകളിട്ട് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മധ്യഭാഗം വളഞ്ഞും ഉയര്‍ന്നതുമായിട്ടാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്.
9.20 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന് 11 മീറ്റര്‍ വീതിയും അഞ്ച് സ്പാനുകളുമുണ്ടാവും. മരുതോങ്കര ഭാഗത്ത് 480ഉം ചങ്ങരോത്ത് ഭാഗത്ത് 180ഉം മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മിക്കും. ചങ്ങരോത്ത് ഭാഗത്തെ അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ നാട്ടുകാര്‍ അപാകത ആരോപിച്ചതിനാല്‍ സൈഡ് ഭിത്തി പൊളിച്ച് മാറ്റിപ്പണിയാന്‍ പി.ഡബ്ല്യൂ.ഡി അസി.എക്‌സി.എന്‍ജിനീയര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ ഭിത്തിയില്‍ റോഡ് ഉയര്‍ത്തിയാല്‍ വീതി കുറഞ്ഞുപോകുമെന്നാണ് പരാതി.