കൈക്കനാല്‍ സൈഫന്‍ ചോര്‍ച്ച, അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയായില്ല; നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും പരിശ്രമം, കൈതക്കുളം ചങ്ങരോത്ത് ഭാഗങ്ങളില്‍ കനാല്‍ വെള്ളമെത്തി
പേരാമ്പ്ര: നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കൂട്ടായ പ്രവൃത്തിയിലൂടെ കൈതക്കുളം ചങ്ങരോത്ത് ഭാഗങ്ങളില്‍ കനാല്‍ വെള്ളം എത്തി. ചങ്ങരോത്ത് മേഖലയിലെ കവുങ്ങുള്ള ചാലില്‍ ഭാഗത്തെ ദീര്‍ഘനാളായി തുടര്‍ന്ന കൈക്കനാല്‍ സൈഫന്‍ ചോര്‍ച്ച നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് അടക്കുകയായിരുന്നു. ഇതോടെ കൈതക്കുളം, ചങ്ങരോത്ത് ഭാഗങ്ങളില്‍ കനാല്‍ വെള്ളത്തിത്തുടങ്ങി.
മേഖലയിലെ കിണറുകളിലുള്‍പ്പെടെ ജലനിരപ്പ് ഉയര്‍ന്നതോടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും ഏക്കര്‍ കണക്കിന് മേഖലയിലെ കൃഷികള്‍ക്ക് വെള്ളം എത്തിക്കുന്നതിനും ഇത് സഹായമായി. സൈഫന്‍ ചോര്‍ച്ച ജലസേചന വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ തന്നെ ചോര്‍ച്ച അടച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഒറ്റക്കണ്ടം റോഡിലെ കുന്നത്ത് ഭാഗത്തു നിന്നാണ് ഈ ഭാഗത്തേക്ക് ജലം തുറന്നു വിടുന്നത്. കനാല്‍ തുറന്നെങ്കിലും ചാക്കോട്ടുപാറയില്‍ വിവിധ സ്ഥലങ്ങളില്‍ കനാല്‍ വശങ്ങള്‍ ഇടിഞ്ഞ് വെള്ളം അടുത്ത പറമ്പിലേക്ക് ഒഴുകിയത് നാട്ടുകാര്‍ പൈപ്പും മണ്‍ചാക്കുകളും വെച്ചടച്ച് ജലം കവുങ്ങുള്ള ചാലില്‍ ഭാഗത്തെത്തിച്ചെങ്കിലും ഈ ഭാഗത്തെ സൈഫന്‍ ചോര്‍ച്ചയെ തുടര്‍ന്ന് മറുഭാഗത്തേക്ക് ജലമൊഴുക്ക് പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഇതിനാണ് ഇവരുടെ കൂട്ടായ പ്രവൃത്തിയിലൂടെ പരിഹാരമായത്.
കനാലിലെ ചെളിയും, മണ്ണും നീക്കം ചെയ്യാന്‍ തൊഴിലുറപ്പ് തൊഴിലാളികളും ജോലിക്കെത്തിയിരുന്നു. ഇതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി. കനാല്‍ ജലം കിട്ടിയതിലുള്ള സന്തോഷത്തിലാണ് നാട്ടുകാര്‍.