ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലാത്ത മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടി, അരമന രഹസ്യം പുറത്താകും; പി വി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി


തിരുവനന്തപുരം: ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും പേടിക്കുന്നു. അരമന രഹസ്യം പുറത്താകും എന്ന പേടിയിലാണ് നടപടി എടുക്കാത്തതെന്ന് ഷാഫി പറമ്പിൽ എംപി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ മണിക്കൂറിലും പുറത്ത് വരുന്നത്. എന്നിട്ടും അജിത് കുമാറിനെയും സുജിത്ത് ദാസിനെയും സംരക്ഷിക്കുകയാണെന്ന് എം പി പറഞ്ഞു.

ബിജെപിക്ക് വേണ്ടി കുളം കലക്കുന്ന പരിപാടി മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തൃശ്ശൂരിലെ ബിജെപി വിജയത്തിന്റെ ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല നൽകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ് നൽകേണ്ടതെന്നും ഷാഫി പറ‍ഞ്ഞു. സംസ്ഥാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രിയുമായി ഡീൽ ഉണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

സംഘപരിവാറുകാരും സ്വർണ്ണക്കടത്തുകാരുമായുള്ള ബന്ധം മറച്ചു വെക്കാൻ ശ്രമം നടക്കുന്നുണ്ട്. ക്രിമിനലുകളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. കെ സിയുടെ പേര് പറഞ്ഞത് ആരോപണത്തിൻ്റെ തീവ്രത കുറക്കാനാണ്. സിപിഐഎം കേന്ദ്ര നേതൃത്വം ദുർബലമായിരിക്കുന്നു. പിണാറായി വിജയൻ്റെ അധികാരത്തിന് മുന്നിൽ കേന്ദ്ര കമ്മിറ്റി ദുർബലമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.