മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത് ശരിയല്ല, പലയിടത്തും കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്ജ്യം: മുഖ്യമന്ത്രി
കോഴിക്കോട്: മാലിന്യ പ്ലാന്റുകള്‍ക്കെതിരായ സമരങ്ങളില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി. മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കുകയാണ്, മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി എവിടെ നടപ്പാക്കിയാലും എതിര്‍പ്പുയരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പലയിടത്തും കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്ജ്യത്തിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നും നമ്മള്‍ കുടിക്കുന്ന വെള്ളം പരിശോധിച്ചാല്‍ മാത്രമേ ഏതു തരത്തിലുള്ള വെള്ളമാണെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത് പല രോഗങ്ങള്‍ക്കും കാരണമാകും. ഒരു ഭാഗത്ത് ആരോഗ്യസമ്പുഷ്ടമായ കേരളത്തിനായി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ തന്നെ പലയിടത്തും മാലിന്യം നിറഞ്ഞുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുന്നതിന് മാലിന്യമുക്ത കേരളം പദ്ധതിയാണ് പ്രധാനമെന്നും ഇതിനായി മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്ലാന്റ് വേണ്ടെന്ന് അവിടത്തെ ജനങ്ങള്‍ കൂടിച്ചേര്‍ന്ന് തീരുമാനിക്കുന്ന അവസ്ഥയുണ്ടായാല്‍, അത് ശമിപ്പിക്കുന്നതിന്, ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും എല്ലാം ചേര്‍ന്ന് ശ്രമിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കോതി, ആവിക്കല്‍ മാലിന്യ പ്ലാന്റുകള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനമനം.