ഇരുവഴിഞ്ഞിപ്പുഴയില്‍ കാളിയാമ്പുഴ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ ഹുസ്‌നി മുബാറഖിന്റേതാണെന്ന് സ്ഥിരീകരിച്ചു


തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയില്‍ കാളിയാമ്പുഴ ഭാഗത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പതങ്കയത്ത് ഒഴുക്കില്‍പെട്ട യുവാവിന്റേതാണെന്ന് സ്ഥീരികരിച്ചു. ഫോറന്‍സിക് പരിശോധനയിലാണ് ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകന്‍ ഹുസ്‌നി മുബാറഖ് (18) ന്റേതാണെന്ന് സ്ഥിരീകരിച്ചതെന്ന് തിരുവമ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുമിത്ത് കുമാര്‍ പറഞ്ഞു.

ജൂലൈ നാലിന് വൈകീട്ടാണ് പതങ്കയം പുഴയില്‍ ഹുസ്‌നി മുബാറഖ് ഒഴുക്കില്‍പെട്ടത്. പതങ്കയത്തിന് താഴെ ഇരുവഴിഞ്ഞിപ്പുഴയിലെ കാളിയാമ്പുഴ ഭാഗത്ത് നിന്നാണ് വ്യാഴാഴ്ച രാവിലെ പത്തരയോടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് കൈ ഭാഗങ്ങളും രണ്ട് കാലും ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു.

സുഹൃത്തിനൊപ്പം സന്ദര്‍ശനത്തിനെത്തിയ ഹുസ്‌നി മുബാറഖ് പുഴയിലെ പാറയില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ തെന്നി പുഴയില്‍ വീഴുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകരും അഗ്‌നിരക്ഷ സേനയുമാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാഴ്ചയായി ഇരു വഴിഞ്ഞിപ്പുഴയില്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു.

summery: the body parts recoved from the iruvazhinji puzha kaliyambuzha part of the river have been confirmed as the young man