അർധരാത്രിയിൽ വീടിനു നേരെ നടന്ന ആക്രമണം രാഷ്ട്രീയ പ്രേരിതം, പിന്നിൽ യു.ഡി.എഫ് പ്രവർത്തകരാണെന്നാണ് സംശയിക്കുന്നതായും സി.പി.എം നൊച്ചാട് ലോക്കൽ കമ്മറ്റിയംഗം സുൽഫിക്കർ


പേരാമ്പ്ര: നൊച്ചാട് മേഖലയില്‍ കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് തന്റെ വീടിന് നേരെയും ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായി സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റിയംഗം സുല്‍ഫിക്കര്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് സുല്‍ഫിക്കറിന്റെ ചാത്തോത്ത് താഴെ മാരാര്‍കണ്ടിയിലെ വീടിനുനേരെ ആക്രമണം നടന്നതും കാര്‍ കത്തിക്കാന്‍ ശ്രമിച്ചതും.

സംഭവത്തിനു പിന്നില്‍ യു.ഡി.എഫ് ആണെന്ന് സംശയിക്കുന്നതായും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സുല്‍ഫിക്കറിന്റെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുമുകളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പോര്‍ച്ചിന് തൊട്ടരികിലുള്ള മുറിയില്‍ കിടന്നുറങ്ങിയ കുട്ടി പെട്രോള്‍ മണത്തതിനെ തുടര്‍ന്ന് ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ തീ ആളിപ്പടരുന്നത് കണ്ട് വീട്ടുകാരെയും സമീപവാസികളെയും വിളിച്ചുണര്‍ത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ നൊച്ചാട് മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ നൊച്ചാട് മേഖല കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. സി.പി.എം നൊച്ചാട് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിനു നേരെയും വെള്ളിയൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെയും ബോംബേറുണ്ടായിരുന്നു. ഈ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായാണ് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിനുനേരെ ആക്രമണമുണ്ടായിരിക്കുന്നത്.

ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ സമാധാന യോഗം ചേര്‍ന്നിരുന്നു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും ഒരു മാസ കാലയളവിലേക്ക് പ്രകടനങ്ങളോ പൊതുയോഗങ്ങളോ വേണ്ടെന്ന് എല്ലാ പാര്‍ട്ടിക്കാരും ചേര്‍ന്ന് തീരുമനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ അക്രമ സംഭവങ്ങളരങ്ങേറുന്നതാണ് കണ്ടത്.