കണ്ണൂരില്‍ നിന്നും ടിക്കറ്റ് എടുക്കാതെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മുഖംമറച്ചിരുന്ന് യാത്ര, സംസ്ഥാനം വിട്ടത് മരുസാഗര്‍ എക്‌സ്പ്രസില്‍, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്നും എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി; നുണയെന്ന് പൊലീസ്
കൊയിലാണ്ടി: ട്രെയിനില്‍ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്ന് പ്രതി ഷാറുഖ് സെയ്ഫി. എന്നാല്‍ ആക്രമണം എന്തിനെന്ന ചോദ്യത്തിന് പ്രതി കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ഷാറൂഖിന്റെ മൊഴികള്‍ പലതും ആലോചിച്ചുറപ്പിച്ച നുണയെന്ന നിഗമനത്തിലാണ് പൊലീസ്.
തീയിട്ടശേഷം തീയിട്ടശേഷം കേരളംവിട്ടത് കണ്ണൂരില്‍നിന്ന് മരുസാഗര്‍ എക്‌സ്പ്രസിലാണെന്നാണ് പ്രതി പറഞ്ഞത്. ടിക്കറ്റ് എടുക്കാതെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ മുഖം മറച്ചിരുന്നു. സഹയാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ മറ്റ് ബോഗികളിലേക്ക് മാറി യാത്ര തുടര്‍ന്നെന്ന് ഷാറുഖ് മൊഴി നല്‍കി.
ആക്രമണമുണ്ടായതിനുശേഷം അതേ ട്രെയിനിലാണ്ഇയാള്‍ കണ്ണൂരിലേക്ക് പോയതെന്നാണ് വിവരം. ആക്രമണം നടന്ന ട്രെയിന്‍ കൊയിലാണ്ടിയിലും വടകരയിലും എത്തിയപ്പോള്‍ എല്ലാ കോച്ചുകളിലും ശുചിമുറികള്‍ ഉള്‍പ്പെടെ കേരള പൊലീസും റെയില്‍വേ പൊലീസും പരിശോധന നടത്തിയിരുന്നു.
കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയിലേക്കെത്തിച്ച ബുക്കില്‍ എഴുതിയിരുന്നത് ലക്ഷ്യമിട്ട റെയില്‍വേ സ്റ്റേഷനുകളെപ്പറ്റിയാണെന്നാണ് സൂചന.
മഹാരാഷ്ട്രയിലെ രത്‌നാഗിരിയില്‍ പിടിയിലായ ഷാറുഖിനെ വ്യാഴാഴ്ച രാവിലെയാണ് കോഴിക്കോട് എത്തിച്ചത്. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.
ഏപ്രില്‍ രണ്ട് ഞായറാഴ്ച രാത്രിയാണ് എക്സിക്യുട്ടീവ് എക്സ്പ്രസില്‍ തീ വെപ്പ് ഉണ്ടായത്. രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവത്തില്‍ മൂന്ന് പേരാണ് മരിച്ചത്. ഡി-1 കോച്ചിലെത്തിയ പ്രതി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ചീറ്റിക്കുകയും തീ കൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രതി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലെ രത്നഗിരിയിലേക്ക് കടക്കുകയായിരുന്നു.
കേരള പൊലീസ്, ആര്‍.പി.എഫ്, ഇന്റലിജന്‍സ്, ഡല്‍ഹി പൊലീസ്, ഭീകരവിരുദ്ധ സ്‌ക്വാഡ് തുടങ്ങിയ വിവിധ ഏജന്‍സികളുടെ ഏകോപിതമായ അന്വേഷണത്തിനൊടുവില്‍ മഹാരാഷ്ട്ര എ.ടി.എസ് ആണ് പ്രതിയെ രത്നഗിരിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഡല്‍ഹി സ്വദേശിയാണ് പ്രതി ഷാരൂഖ് സെയ്ഫി.