ചെറുവണ്ണൂർ സ്‌കൂളിലെ ഓഫീസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പും ക്യാമറയും മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പതിനൊന്ന് വർഷങ്ങൾക്ക് ശേഷം പോലിസ് പിടിയിൽ


ചെറുവണ്ണൂർ: നല്ലളം ചെറുവണ്ണൂർ സ്‌കൂളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിൽ 11 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. മണ്ണൂർ മാമ്പയിൽ വീട്ടിൽ സുബീഷ് ആണ് പിടിയിലായത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ് ടോപ്പ്, ക്യാമറ തുടങ്ങിയവയാണ് പ്രതി മോഷ്ടിച്ചത്. മോഷണം നടന്ന സ്ഥലത്ത് നിന്നും പോലീസ് ശേഖരിച്ച വിരലടയാള രേഖകൾ പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം മണ്ണൂരിലുള്ള വീട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് പോലിസ് ന‌ടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ഫറോക്ക് എ.സി.പി. എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എസ്.ഐ.മാരായ അബ്ബാസ്, മനോജ്, എസ്.സി.പി.ഒ പ്രവീൺ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഫറോക്ക് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസിലും പ്രതിയാണ്.