‘ജനത്തിരക്കുള്ള സ്ഥലങ്ങളിലും ബസ്സുകളില്‍ കയറിയും സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കും’; തമിഴ്‌നാട്ടില്‍ നിന്നുള്ള കവര്‍ച്ചാസംഘം ജില്ലയിലെത്തിയതായി പോലീസ്, ജാഗ്രതൈ…


വടകര: തമിഴ്‌നാട്ടില്‍നിന്നുള്ള ആഭരണക്കവര്‍ച്ചാ സംഘം ജില്ലയില്‍ എത്തിയതായി മുന്നറിപ്പ്. ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ പോലീസ് മേധാവി. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ബസ്സുകളില്‍ കയറിയും സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കുന്ന സ്ത്രീകള്‍ അടങ്ങുന്ന സംഘം എത്തിയതായാണ് സൂചന. അതിനാല്‍ ആളുകളുടെയും പോലീസിനെയും അതിജാഗ്രത ഉണ്ടാകണമെന്നാണ് വടകര റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്നറിയിപ്പ്


തമിഴ്‌നാട് കന്യാകുമാരി ജില്ലയിലുള്ള പിടിച്ചു സംഘമാണിത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട സംഘം കെഎ 45 എം 2833 നമ്പര്‍ ടവേര വാഹനത്തിലാണ് സംസ്ഥാനത്ത് എത്തിയത്. മൈസൂരു വഴിയാണ് സംഘം സംസ്ഥാനത്തേക്ക് കടന്നത് എന്നാണ് പോലീസിന് ലഭിച്ച വിവരം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് കത്തയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ചിരുന്നു. മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ ഇവര്‍ തെളിയിച്ചിരുന്നു. എന്നാല്‍ സ്‌ക്വാഡുകള്‍ പിരിച്ചുവിട്ട് തിരിച്ചടിയായിരിക്കുകയാണ്. ജാഗ്രതാനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.