വളരെ ആഗ്രഹിച്ച് നേടിയ ജോലിയിൽ ഏറെനാൾ തുടരാനായില്ല; എസ്.ഐ സനൂജിന്റെ മരണം വിശ്വസിക്കാനാവാതെ പേരാമ്പ്ര സ്റ്റേഷനിലെ മുൻ സഹപ്രവർത്തകരും


പേരാമ്പ്ര: ‘വളരെ സ്മാര്‍ട്ടായ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു വി.എസ് സനൂജ്. കുറച്ച് കാലമേ ഒരുമിച്ച് ജോലി ചെയ്തുള്ളൂ എങ്കിലും നല്ല ഊര്‍ജ്ജസ്സ്വലതയോടെ എപ്പോഴും ഊര്‍ജ്ജസ്വലമായ ജോലി ചെയ്തുകൊണ്ടേയിരിക്കും.’ ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച എസ്.ഐ സനൂജിന്റെ ഓര്‍മ്മകളില്‍ നിന്ന് പേരാമ്പ്ര എസ്.ഐ പേരാമ്പ്ര ന്യൂസിനോട് പങ്കുവെച്ചു. പേരാമ്പ്ര സ്റ്റേഷനില്‍ 2021ല്‍ ഏതാണ്ട് എട്ട് മാസത്തോളക്കാലം ജൂനിയര്‍ എസ്.ഐ ആയി സനൂജ് ജോലി ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗം സഹപ്രവര്‍ത്തകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് താമരശേരി പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐയായിരുന്ന വി.എസ് സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ രാവിലെ 7.15ന് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ സനൂജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട് കോവൂര്‍ സ്വദേശിയാണ് വി.എസ് സനൂജ്. പൊലീസില്‍ ചേരണം എന്നായിരുന്നു കുട്ടിക്കാലം മുതലുള്ള ആഗ്രഹം. എന്നാല്‍ ആദ്യം കിട്ടിയ ജോലി ഫയര്‍ഫോഴ്‌സില്‍ ഫയര്‍മാനായി ആയിരുന്നു. അവിടെ ഇരുപ്പുറയ്ക്കാതെ വന്നതോടെ വിവിധ പി.എസ്.സി പരീക്ഷകള്‍ വീണ്ടും എഴുതി. അതിനിടെ സെയില്‍ ടാക്‌സില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചു. തുടര്‍ന്നു എരിഞ്ഞാപ്പാലത്തെ സെയില്‍ ടാക്‌സ് ഓഫീസില്‍ ഒരുവര്‍ഷത്തിലധികം ജോലി ചെയ്തു. അതിനു ശേഷം ഒന്നരവര്‍ഷം മുന്‍പാണ് എസ്.ഐയായി നിയമനം ലഭിക്കുന്നത്.

രണ്ടുതവണ എസ്.ഐ ടെസ്റ്റ് എഴുതി ലിസ്റ്റില്‍ വന്നെങ്കിലും പലകാരണങ്ങളാല്‍ ലിസ്റ്റ് തള്ളിപ്പോയപ്പോള്‍ സനൂജും പുറത്തായി. പിന്നീട് മൂന്നാമത്തെ തവണയാണ് വിജയിച്ചു കയറി സീറ്റിലിരുന്നത്. പക്ഷേ, ഏറെ ആഗ്രഹിച്ചു കിട്ടിയ പദവിയില്‍ ഇരുപ്പുറയ്ക്കും മുന്‍പായുള്ള മടക്കം. സഹപ്രവര്‍ത്തകരും ചങ്ങാതിമാരും, ബന്ധുക്കളും ഇതോര്‍ത്താണ് കണ്ണീരണിയുന്നത്.

ഒന്നാംക്ലാസുകാരനായ മകന്‍ നിവേദിനെയും ഭാര്യ നിമിഷയേയും അമ്മ വിലാസിനിയെയും തനിച്ചാക്കിയുള്ള സനോജിന്റെ യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. ഹൃദയാഘാതവുമായി ബന്ധപ്പെട്ട സൂചനകളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ താമരശ്ശേരി സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം.

summary: thamarassery si vs sooraj death, his colleagues at perambra police station are very sad about it