തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊര്‍ജ്ജിതം


തലശ്ശേരി: തലശ്ശേരി പൊലീസ് എസ്‌ഐയെ കാണാനില്ലെന്ന് പരാതി. ടൌണ്‍ സ്റ്റേഷനിലെ എസ്.ഐ കൂത്തുപറമ്പ് കോളയാട് സ്വദേശി ലിനേഷ്.സി.പിയെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നാണ് ഭാര്യ തലശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

തലേ ദിവസം ഡ്യൂട്ടി കഴിഞ്ഞ് തലശ്ശേരിയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയ ലിനേഷ് തിങ്കളാഴ്ച രാവിലെ ഏഴരയോടെ സ്റ്റേഷനില്‍ എത്തുമെന്ന് അന്നേ ദിവസം ഫോണിലൂടെ അറിയിച്ചിരുന്നെങ്കിലും ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങിയ ശേഷം പിന്നീട് വിവരമൊന്നുമുണ്ടായില്ലെന്ന് തലശ്ശേരി ടൌണ്‍ പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കാണാതായതിന് ശേഷം എസ്.ഐ ലിനേഷിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി തുടരുകയാണ്. ഫോണ്‍ ട്രെയ്‌സ് ചെയ്തപ്പോള്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ വരെ അദ്ദേഹം എത്തിയതായി അറിയാന്‍ സാധിച്ചിട്ടുണ്ട്. പിന്നീടുള്ള കാര്യങ്ങളെക്കുറിച്ച് ഒരു വ്യക്തതയും ഇല്ല.

മൂന്ന് മാസം മുന്‍പാണ് ലിനേഷ്.സി.പി തലശ്ശേരി ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയി ചുമതലയേറ്റത്. പരാതിയുടെ അടിസ്ഥാനത്തില്‍ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.