ഒരു വണ്‍ഡേ ട്രിപ്പ് പോയാലോ? പേരാമ്പ്രയില്‍ നിന്നും കുടുംബസമേതം ഒരുപകല്‍കൊണ്ട് പോകാനാവുന്ന മനോഹരമായ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അറിയാം
സ്വന്തം ലേഖകൻ
പേരാമ്പ്ര: ദിവസങ്ങള്‍ നീളുന്ന ലോങ് ട്രിപ്പുകള്‍ പോലെ വണ്‍ഡേ ട്രിപ്പുകൾക്ക് പോകുന്നവരുടെ എണ്ണവും ഇപ്പോള്‍ വർധിച്ചുവരികയാണ്. ലോങ് ട്രിപ്പുകളെ അപേക്ഷിച്ച് സമയലാഭം, കുറഞ്ഞ ചെലവ് എന്നിവയാണ് വണ്‍ഡേ ട്രിപ്പുകളുടെ സവിശേഷത.
കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി വിനോദം ഉറപ്പുവരുത്തുന്ന വണ്‍ഡേ ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി ലക്ഷ്യസ്ഥാനം കണ്ടെത്തുക എന്നതാണ്. ഫ്രണ്ട്‌സും വണ്ടിയുമെല്ലാം സെറ്റാണെങ്കിലും എവിടെ പോകും എന്ന ആശയക്കുഴപ്പം ട്രിപ്പിനെ പ്രതികൂലമായി ബാധിക്കാന്‍ വരെ സാധ്യതയുണ്ട്.
ഒരു ദിവസം മാത്രം നീണ്ട് നില്‍ക്കുന്ന ഉല്ലാസയാത്രകള്‍ പോകാന്‍ ആഗ്രഹിക്കുന്ന പേരാമ്പ്രക്കാര്‍ക്ക് അതിന് ഉചിതമായ പത്ത് ലക്ഷ്യസ്ഥാനങ്ങള്‍ പരിചയപ്പെടുത്തുകയാണ് പേരാമ്പ്ര ന്യൂസ് ഡോട് കോം. പേരാമ്പ്ര നഗരത്തില്‍ നിന്ന് 60 കിലോമീറ്ററില്‍ താഴെ ദൂരത്തിലാണ് ഈ പത്ത് സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ജില്ലയ്ക്ക് ഉള്ളില്‍ തന്നെയുള്ള വ്യത്യസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇത് വായിച്ച ശേഷം മികച്ച ഒരു സ്ഥലം തിരഞ്ഞെടുത്ത് അടുത്ത അവധി ദിവസം തന്നെ കൂട്ടുകാര്‍ക്കൊപ്പം അടിച്ച് പൊളിച്ച് ട്രിപ്പ് പോകാം, അല്ലേ…
1. അരിപ്പാറ വെള്ളച്ചാട്ടം
തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയിലിലാണ് അരിപ്പാറ വെള്ളച്ചാട്ടം. പേരാമ്പ്രയിൽ നിന്ന് 48 കിലോമീറ്റര്‍ ദൂരെയുള്ള ഇവിടെ ഏത് വേനലിലും തണുത്ത കാലാവസ്ഥയാണ്. ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള അരിപ്പാറ വെള്ളച്ചാട്ടം കാണാനായി പ്രതിവര്‍ഷം 50,000 ത്തിലേറെ പേരാണ് എത്തുന്നത് എന്നാണ് കണക്ക്. വെള്ളച്ചാട്ടത്തിന്റെ സുന്ദരദൃശ്യം ആസ്വദിക്കാനായി പവലിയന്‍, തൂക്കുപാലം, പുഴയോരത്ത് കമ്പിവേലികള്‍, ശുചിമുറികള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.
2. വയലട വ്യൂ പോയിന്റ്
പേരാമ്പ്രയിൽ നിന്ന് വെറും 26 കിലോമീറ്റര്‍ മാത്രം അകലെയാണ് വയലട വ്യൂ പോയിന്റ്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലുള്ള വയലട വ്യൂ പോയിന്റ് സഞ്ചാരികള്‍ക്ക് മനോഹരമായ ദൃശ്യഭംഗിയാണ് സമ്മാനിക്കുന്നത്. ‘കോഴിക്കോടിന്റെ ഗവി’ എന്നറിയപ്പെടുന്ന വയലടയിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് ഒരു മിനി ട്രക്കിങ് അനുഭവം സമ്മാനിക്കും. ഇവിടെ നിന്ന് നോക്കുമ്പോള്‍ സൂര്യോദയവും അസ്തമയവുമെല്ലാം അതിമനോഹരമായ ആകാശക്കാഴ്ചയാണ്.
3. കക്കയം അണക്കെട്ട്
കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ട് പേരാമ്പ്രയിൽ നിന്ന് 36 കിലോമീറ്റര്‍ ദൂരെയാണ്. കക്കയത്തിന്റെ ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങി കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഇവിടെ ബോട്ട് സര്‍വ്വീസ് ഉണ്ട്. അറുനൂറ് അടി താഴ്ചയിലേക്ക് വെള്ളം കുതിച്ച് ചാടുന്ന ഉരക്കുഴി വെള്ളച്ചാട്ടവും കക്കയത്തെ പ്രധാന ആകര്‍ഷണമാണ്. ഇടയ്ക്ക് അപ്രതീക്ഷിതമായി എത്തുന്ന കോടയും സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത അനുഭവം സമ്മാനിക്കും.
4. കരിയാത്തുംപാറ
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കരിയാത്തുംപാറ പേരാമ്പ്രയിൽ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ്. പരവതാനി വിരിച്ച പോലെ പുല്‍മേടും അതില്‍ മേയുന്ന കാലിക്കൂട്ടങ്ങളും അതിനെ വലയം വെച്ചുള്ള മലനിരകളും തടാകവും തടാകത്തിന് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങളും കാറ്റും അരുവിയും എല്ലാം നിറഞ്ഞ കരിയാത്തുംപാറയുടെ മനോഹര കാഴ്ചകള്‍ വര്‍ണ്ണനകള്‍ക്കും അപ്പുറമാണ്. കരിയാത്തുംപാറയ്ക്ക് സമീപമുള്ള തോണിക്കടവിലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. വാച്ച് ടവര്‍, വാക്ക് വേ, ഇരിപ്പിടങ്ങള്‍, ആംഫി തിയേറ്റര്‍, കഫറ്റീരിയ, കുട്ടികളുടെ പാര്‍ക്ക്, ബോട്ടുജെട്ടി, ലാന്റ്‌സ്‌കേപ്പിങ്, അലങ്കാരവിളക്കുകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.
5. തുഷാരഗിരി വെള്ളച്ചാട്ടം
തുഷാരഗിരി വെള്ളച്ചാട്ടം. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേര്‍ത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്. ഏറ്റവും മുകളില്‍ വെളുത്തു നുരഞ്ഞു പതഞ്ഞു വീഴുന്ന ജലപാതമാണ് തുഷാരഗിരിയെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നത്. മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താന്‍ കാഠിന്യമേറിയ നടപ്പ് ആവശ്യമാണ്. തണുത്ത വെളളത്തിലുളള കുളി ശരീരത്തെയും മനസ്സിനെയും ഉഷാറാക്കും. അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനത്തോട്ടങ്ങള്‍ക്കു നടുവിലാണീ വെള്ളച്ചാട്ടം. പേരാമ്പ്രയിൽ നിന്ന് 51 കിലോമീറ്റര്‍ ദൂരമാണ് തുഷാരഗിരിക്ക്.
6. കടലുണ്ടി പക്ഷിസങ്കേതം
കടലുണ്ടിപ്പുഴ അറബിക്കടലില്‍ ചേരുന്ന അഴിമുഖത്ത് തുരുത്തുകളായി പരന്ന് കിടക്കുന്ന പക്ഷിസങ്കേതമാണ് കടലുണ്ടി പക്ഷിസങ്കേതം. കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസര്‍വ് സെന്റര്‍ കൂടിയാണ് ഇത്. പ്രദേശ വാസികളുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുത്താതെ പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മേഖല അല്ലെങ്കില്‍ സംരക്ഷിത വനമേഖലകളാണ് കമ്യൂണിറ്റി റിസര്‍വുകള്‍ ആയി അറിയപ്പെടുന്നത്. ഇത്തരത്തില്‍ ഇന്ത്യയില്‍ പ്രഖ്യാപിക്കപ്പെട്ട 45 കമ്മ്യൂണിറ്റി റിസര്‍വില്‍ പെട്ട കേരളത്തിലെ ഏക പ്രദേശമാണ് ഇവിടം. നൂറിലേറെ തദ്ദേശീയ പക്ഷികളും അറുപതിലേറെ ദേശാടന പക്ഷികളും വ്യത്യസ്തയിനം കണ്ടല്‍ക്കാടുകളും ഇവിടെയുണ്ട്. കടലുണ്ടി പുഴയിലൂടെ തോണിയില്‍ സഞ്ചരിച്ച് പക്ഷികളെ കാണാനുള്ള അവസരമൊരുക്കി എട്ടോളം സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് കടലുണ്ടിയില്‍ ദേശാടന പക്ഷികളെ ധാരാളമായി കാണാന്‍ കഴിയുന്ന സമയം. പേരാമ്പ്രയില്‍ നിന്ന് 57 കിലോമീറ്റര്‍ ദൂരെയാണ് കടലുണ്ടി പക്ഷിസങ്കേതം.
7. പയംകുറ്റിമല ഇക്കോ ടൂറിസം
ഒരു വശത്ത് കടലിന്റെ നീലിമ. മറുവശത്ത് മലനിരകളുടെ പച്ചപ്പ്. അതാണ് വടകരയിലെ പയംകുറ്റിമല. ടൂറിസം വകുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തതോടെ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടിയോളം ഉയരത്തിലുള്ള ഇവിടെ ഒരു മുത്തപ്പന്‍ ക്ഷേത്രം കൂടി ഉണ്ട്. വടകരയുടെ ഊട്ടി എന്നറിയപ്പെടുന്ന പയംകുറ്റിമല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പേരാമ്പ്രയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെയാണ്.
8. പെരുവണ്ണാമൂഴി അണക്കെട്ട്
പേരാമ്പ്രയ്ക്ക് തൊട്ടടുത്തുള്ള ചക്കിട്ടപാറ പഞ്ചായത്തിലാണ് കുറ്റ്യാടി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പെരുവണ്ണാമൂഴി അണക്കെട്ട്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഈ അണക്കെട്ട് പശ്ചിമഘട്ടത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ റിസര്‍വ്വോയര്‍, കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ടം, മുതലവളര്‍ത്തു കേന്ദ്രം, സോളാര്‍ ബോട്ട് സര്‍വ്വീസ് എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഡാം റിയര്‍വ്വോയറിലൂടെയുള്ള ബോട്ട് യാത്രയും മികച്ച അനുഭവമാണ് സമ്മാനിക്കുക. ഇവിടെ 54 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ വന്യജീവി സങ്കേതത്തില്‍ ആന, പുലി, കാട്ടുപോത്ത് തുടങ്ങി വ്യത്യസ്തങ്ങളായ ഒരുപാട് ജീവിവര്‍ഗ്ഗങ്ങളുണ്ട്. രാവിലെ എത്തിയാല്‍ വൈകുന്നേരം വരെ സമയം ചെലവഴിക്കാന്‍ സാധിക്കുന്ന ഇവിടെക്ക് പേരാമ്പ്രയിൽ നിന്ന് 13 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്.
9. അമരാട് വെള്ളച്ചാട്ടം
താമരശ്ശേരിക്ക് അടുത്ത് കട്ടിപ്പാറയിലുള്ള അമരാട് വെള്ളച്ചാട്ടം അധികമാരും എത്തിയിട്ടില്ലാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. കട്ടിപ്പാറ ടൗണില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്ററോളം മല കയറിയാല്‍ ഇവിടെ എത്താം. ധാരാളം മലമ്പ്രദേശങ്ങള്‍ ഉള്ള ഗ്രാമമാണ് ഇത്. ഇവിടെ പലയിടത്തും ഹ്രസ്വശിലകള്‍ കാണാന്‍ കഴിയും. വരുംകാലത്ത് കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാകാന്‍ വലിയ സാധ്യതയുള്ള അമരാട് വെള്ളച്ചാട്ടം പേരാമ്പ്രയിൽ നിന്ന് 35 കിലോമീറ്റര്‍ ദൂരെയാണ്.
10. കോഴിക്കോട് ജില്ലയിലെ ബീച്ചുകള്‍
ബീച്ചുകളാല്‍ സമ്പന്നമാണ് നമ്മുടെ കോഴിക്കോട്. ഇതില്‍ ഏറ്റവും പ്രധാനം കോഴിക്കോട് ബീച്ച് തന്നെ. വിശാലമായ നോര്‍ത്ത് ബീച്ചും വാക്ക് വേ ഉള്‍പ്പെടെ നിര്‍മ്മിച്ച് നവീകരിച്ച സൗത്ത് ബീച്ചുമെല്ലാം എത്ര പോയാലും മതിവരാത്ത ഇടങ്ങളാണ്. പേരാമ്പ്രയിൽ നിന്ന് 40 കിലോമീറ്റര്‍ ദൂരെയാണ് കോഴിക്കോട് ബീച്ച്.
ബേപ്പൂര്‍ ബീച്ച്: കോഴിക്കോടിന്റെ തുറമുഖമായ ബേപ്പൂരില്‍ മനോഹരമായ ബീച്ചും ഉണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. കടലിലേക്ക് ഒരു കിലോമീറ്ററോളം നീണ്ട് കിടക്കുന്ന പുലിമുട്ടും ഫ്‌ളോട്ടിങ് ബ്രിഡ്ജുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. പേരാമ്പ്രയിൽ നിന്ന് 51 കിലോമീറ്റര്‍ ദൂരെയാണ് ബേപ്പൂര്‍ ബീച്ച്.
ഭട്ട്‌റോഡ് ബീച്ച്: പേരാമ്പ്രയിൽ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ഭട്ട്‌റോഡ് ബീച്ച് അധികം ആളുകള്‍ക്ക് അറിയാത്തതും എന്നാല്‍ ഏറെ മനോഹരമായതുമായ ബീച്ചാണ്. ബ്ലിസ് പാര്‍ക്ക്, സ്‌കേറ്റിങ് ട്രാക്ക്, സംഗീതത്തോട് കൂടിയ. ജലധാര, സൈക്കിള്‍ ട്രാക്ക്, സ്‌റ്റേജ്, നടപ്പാത, കുളം, കുട്ടികളുടെ പാര്‍ക്ക്, കഫറ്റീരിയ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കാപ്പാട് ബീച്ച്: ബ്ലൂ ഫ്‌ളാഗ് പദവിയുള്ള കോഴിക്കോട്ടെ ഏക ബീച്ചാണ് കാപ്പാട് ബീച്ച്. എത്ര പോയാലും മടുക്കാത്ത കാപ്പാട് ബീച്ചില്‍ സയാഹ്നം ചെലവഴിക്കാനായി എത്തിച്ചേരാന്‍ പേരാമ്പ്രയിൽ നിന്ന് 28 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി.
തിക്കോടി ഡ്രൈവ്-ഇന്‍ ബീച്ച്: കോഴിക്കോട് ജില്ലയിലെ ഏക ഡ്രൈവ്-ഇന്‍ ബീച്ചാണ് തിക്കോടിയിലെത്. തിക്കോടി ബീച്ചിലേക്ക് വാഹനങ്ങളുമായി നിരവധി പേരാണ് ഓരോ ദിവസവും എത്തുന്നത്. ഉറച്ച മണ്ണുള്ളതാണ് ഈ ബീച്ചിനെ ഡ്രൈവ്-ഇന്‍ ബീച്ച് ആയി മാറാന്‍ സഹായിച്ചത്. ബാഡ്മിന്റണ്‍, വോളിബോള്‍ കോര്‍ട്ടുകളും ഇവിടെ ഉണ്ട്. മൂന്ന് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തിക്കോടി ബീച്ചിലേക്ക് പേരാമ്പ്രയിൽ നിന്ന് 23 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ.
സാന്റ് ബാങ്ക്‌സ്: വടകരയ്ക്ക് അടുത്തുള്ള സാന്റ് ബാങ്ക്‌സ് രണ്ട് വര്‍ഷം മുമ്പാണ് ഒന്നര കോടി രൂപ ചെലവില്‍ നവീകരിച്ചത്. കുട്ടികളുടെ പാര്‍ക്ക്, വിശ്രമമുറി, ലാന്റ് സ്‌കേപ്പ്, കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. ഭിന്നശേഷിക്കാര്‍ക്കും തീരത്തെത്തി കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ സി.സി.ടി.വി ക്യാമറകളും ഇവിടെയുണ്ട്. കടലില്‍ കല്ലിട്ട് നിര്‍മ്മിച്ച പാതയിലൂടെ സഞ്ചരിച്ച് അഴിമുഖത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയും. പേരാമ്പ്രയിൽ നിന്ന് 28 കിലോമീറ്റര്‍ ദൂരെയാണ് സാന്റ് ബാങ്ക്.