പുല്ലും വെള്ളവും കഴിക്കാതെ അവശയായി, ചാണകത്തിനു പകരം കട്ടച്ചോരയും കഫവും; അപൂര്‍വ്വരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ പശുവിനെ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി പേരാമ്പ്ര വെറ്റിനറി പോളി ക്ലിനിക്കിലെ മെഡിക്കല്‍സംഘം
പേരാമ്പ്ര: കൂത്താളിയില്‍ അപൂര്‍വരോഗം ബാധിച്ച് അവശനിലയിലായ പശുവിനെ പേരാമ്പ്ര വെറ്ററിനറി പോളി ക്ലിനിക്കിലെ മെഡിക്കല്‍സംഘം ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തി. കൂത്താളി പഞ്ചായത്തില്‍ കൊല്ലിയില്‍ ബിജിലയുടെ വീട്ടിലെ പശുവിനാണ് മെഡിക്കല്‍ സംഘം തുണയായത്.
അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഹൗസ് സര്‍ജന്‍മാരായ ഡോ. മിഥുന്‍, ഡോ. റിഷികേശ്, ഡോ. അഷ്ന, ഡോ. ആനന്ദ്, കൂരാച്ചുണ്ട് വെറ്ററിനറി സര്‍ജന്‍ ഡോ. മുഹമ്മദ് സെയാഫ്, ഡോ. ശരണ്യ എന്നിവര്‍ പങ്കാളികളായി.
ഒരാഴ്ചയായി പുല്ലും വെള്ളവും കഴിക്കാതെ അവശനിലയിലായിരുന്നു പശു. ചാണകമിടാന്‍ ശ്രമിക്കുമ്പോള്‍ കട്ടച്ചോരയും കഫവും വരുന്ന അവസ്ഥയിലായിരുന്നു. ഒരു കുടല്‍ മറ്റൊന്നിലേക്ക് കയറി വയറ്റിലെ ദഹനപ്രക്രിയ തടസ്സപ്പെട്ടതായിരുന്നു പ്രശ്‌നം. മലാശയത്തിലേക്ക് ചാണകവും ഭക്ഷണാവശിഷ്ടങ്ങളും വരാതെ തടസ്സപ്പെട്ടതോടെ കുടല്‍ അസാമാന്യമായി ബലൂണ്‍ കണക്കെ വികസിക്കുകയും ചെയ്തു.
പല ഡോക്ടര്‍മാരും പരിശോധിച്ച് രോഗം ഭേദമാവാത്തതിനാല്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് പശുവിന്റെ ഉടമസ്ഥ വെറ്ററിനറി പോളിക്ലിനിക്കില്‍ രോഗാവസ്ഥ അറിയിക്കാന്‍ എത്തിയത്. തുടര്‍ന്ന് ഡോ. എം.എസ്. ജിഷ്ണുവിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി കുടല്‍ പൂര്‍വസ്ഥിതിയിലാക്കിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പശുവിനെ സ്വാഭാവിക അവസ്ഥയിലേക്ക് എത്തിക്കാനുമായി.
Summary: surgery for cow in perambra koothali