പ്ലസ് വൺ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാത്തവർക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു; കൂടുതൽ വിവരങ്ങളറിയാം


കോഴിക്കോട്: പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ സമർപ്പണം ഇന്ന് രാവിലെ 10ന് ആരംഭിച്ചു. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും ആണ് ഈ ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാവുന്നത്. സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചുവരെയാണ് അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി.

നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം ലഭിച്ചവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല. സീറ്റൊഴിവും മറ്റു വിവരങ്ങളും വ്യാഴാഴ്ച രാവിലെ ഒമ്പതിന് അഡ്മിഷൻ പോർട്ടലായ https://hscap.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

മുഖ്യ അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിക്കാനായി കാൻഡിഡേറ്റ് ലോഗിനിലെ ‘RENEW APPLICATION’ എന്ന ലിങ്കിലൂടെ ഒഴിവുകൾക്കനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.

ഇതുവരെ അപേക്ഷിക്കാത്തവർ ‘Create Candidate Login-SWS’ എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ രൂപവത്കരിക്കണം. തുടർന്ന് ‘APPLY ONLINE’ എന്ന ലിങ്കിലൂടെ ഒഴിവുകൾക്കനുസൃതമായി അപേക്ഷ സമർപ്പിക്കണം.

ഇനിയും അപേക്ഷിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കാൻ സൗകര്യം അനുവദിച്ചിട്ടുണ്ട്.