അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്കൊരു സമ്മാനം; ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രവേശനോത്സവത്തില്‍ പഠനോപകരണങ്ങള്‍ കൈമാറി
പേരാമ്പ്ര: ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ പുതിയതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു. 76 വിദ്യാലങ്ങളിലായി 2527 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌നേഹ സമ്മാനമായി പഠന ഉപകരണങ്ങള്‍ നല്‍കിയത്.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് എല്‍.ജി ലിജീഷ് മേപ്പയ്യുര്‍ നോര്‍ത്ത് മേഖലയിലെ വിഇഎം യു.പി സ്‌കൂളിലും ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് നൊച്ചാട് നോര്‍ത്ത് മേഖലയിലെ വാളൂര്‍ ജി.യു.പി സ്‌കൂളിലും വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ് കായണ്ണയിലും, ജില്ലാ കമ്മിറ്റി അംഗം സി.കെ രൂപേഷ് കൂത്താളി യിലും എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അമല്‍ജിത് പേരാമ്പ്ര വെസ്റ്റിലും പഠനോപകരണങ്ങള്‍ കൈമാറി.
അധ്യയന വര്‍ഷത്തിലെ ആദ്യ ദിനം ഡി.വൈ.എഫ്.ഐയുടെ സ്‌നേഹ സമ്മാനം നവാഗതര്‍ക്ക് പുതിയ അനുഭവമായി. പരിപാടിക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും വലിയ പിന്തുണയുണ്ടായി. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളില്‍ പങ്കാളികളായി.