വടകരയിലെ യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിലെ വിദ്യാർത്ഥികൾ ഇരുട്ടിൽ; സെന്ററിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് 20 ദിവസം, ​ഗവർണർക്ക് പരാതി നൽകാനൊരുങ്ങി രക്ഷിതാക്കൾ


വടകര: വടകരയിലെ യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചിട്ട് 20 ദിവസം പിന്നിടുന്നു. ഇതോടെ
വിദ്യാർഥികളുടെ പoനം ഇരുട്ടിലായിരിക്കുകയാണ്. വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ യൂനിവേഴ്സിറ്റിയുടെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കൾ ഗവർണറെ സമീപിക്കാനൊരുങ്ങുന്നത്.

കോളേജ് താരിഫ് പ്ലാൻ മാറ്റിയതിനെ തുടർന്ന് എജുക്കേഷൻ സെന്റർ തുടങ്ങിയ കാലഘട്ടം മുതൽ അടക്കേണ്ടിയിരുന്ന തുകയുടെ ബിൽ കെ എസ് ഇ ബി നൽകിയിരുന്നു. അഞ്ച് ലക്ഷത്തിലധികം രൂപയാണ് ബിൽ തുക. ഇത് കുടിശ്ശികയായതോടെയാണ് സെന്ററിന്റെ വൈദ്യുതി വിച്ഛേദിച്ചതെന്ന് കെ എസ് ഇ ബി ഉദ്യോ​ഗസ്ഥർ വടകര ‍ഡോട് ന്യൂസിനോട് പറ‍ഞ്ഞു.

പ്രാക്ടിക്കൽ പരീക്ഷ നടക്കുന്ന സമയത്താണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. വൈദ്യുതിയില്ലാതായതോടെ കമ്ബ്യൂട്ടറും മറ്റും പ്രവർത്തിക്കേണ്ട ആവശ്യത്തിലേക്ക് വിദ്യാർഥികൾ പണം സ്വരൂപിച്ച്‌ ജനറേറ്റർ വാടകക്കെടുത്താണ് പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത്. പരീക്ഷ ഹാൾ ഒഴികെ മറ്റിടങ്ങളിലെല്ലാം നിലവിൽ വൈദ്യുതിയില്ല.