കൊല്ലത്ത് വിദ്യാര്‍ഥിയെ വീട്ടില്‍കയറി കുത്തിക്കൊന്നു; കൊലയാളി ട്രെയിനിന് മുമ്പില്‍ചാടി ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലത്ത് കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ഫാത്തിമ മാതാ കോളേജിലെ ബി.സി.എ വിദ്യാർഥിയായിരുന്നു ഫെബിൻ. കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത്.
വിദ്യാർത്ഥിയെ കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.
ഇന്ന് വൈകീട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.
Summary: Student stabbed to death in Kollam; killer commits suicide by jumping in front of train