കടലാക്രമണം രൂക്ഷം, വീടുകളിൽ വെള്ളം കയറുന്നു; വടകര തീരദേശ മേഖലയിലെ ജനങ്ങൾ ആശങ്കയിൽ


വടകര: കടൽക്ഷോഭം അതിരൂക്ഷമായതോടെ വടകര തീരദേശ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. ശക്തമായ മഴയോടൊപ്പം കാറ്റും അതിരൂക്ഷമായ കടൽ ക്ഷോഭവുമാണ് ഉണ്ടാവുന്നത്. ഇന്ന് രാവിലെ 11 മണി മുതൽ ശക്തമായ കാറ്റോടെ കുറ്റൻ തിരമാലകളാണ് കരയിലേക്ക് ഇറച്ചു കയറുന്നത്.

അഞ്ച്മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ കടൽഭിത്തിയും കടന്ന് കരയിലേക്ക് ആഞ്ഞടിച്ചതിനാൽ പലവീടുകളിലും വെള്ളം കയറി. തിരമാലയോടൊപ്പം അടിഞ്ഞു കൂടുന്ന മാലിന്യങ്ങളും വീട്ടുകാരായാകെ ബുദ്ധിമുട്ടിലാക്കുകയാണ്.

അഴിത്തല വാർഡിൽ പടയൻവളപ്പിൽ ഭാഗത്ത് അഞ്ച് വീടുകളിലും അഴീക്കൽ പറമ്പിൽ ആറ് വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കൊയിലാണ്ടി വളപ്പ് ഭാഗത്തും മുകച്ചേരി ഭാഗത്തും കുരിയാടിയിലും കടൽ കരയിലക്ക് കയറി. വില്ലേജ് ഓഫീസർ രതീഷൻ.വി.കെ, വാർഡ് കൗൺസിലർ പി.വി.ഹാഷിം എന്നിവർ സ്ഥലം സന്ദർശിച്ചു.