വടകരയിലും തലശ്ശേരിയിലും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി ഷാഫി പറമ്പിൽ എം.പി
ന്യൂഡൽഹി: വടകര, തലശേരി റെയ്‌ൽവേ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയ്‌നുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്ര റെയിൽവേ മന്ത്രിയെ സന്ദർശിച്ച് ഷാഫി പറമ്പിൽ എം.പി. മലബാർ മേഖലയിൽ പുതിയ ട്രെയ്‌നുകളും ഷാഫി ആവശ്യപ്പെട്ടു.
കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ അദ്ദേഹത്തിൻ്റെ ഓഫിസിൽ എത്തിയാണ് ഷാഫി പറമ്പിൽ എം.പി ഇതുസംബന്ധിച്ച നിവേദനം കൈമാറിയത്. വടകരയിൽ കൊച്ചുവേളി- ശ്രീ ഗംഗാനഗർ എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, ട്രിവാൻഡ്രം- ലോക് മാന്യതിലക് എക്സ്പ്രസ്, പുതുച്ചേരി എക്‌സ്പ്രസ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
തലശേരിയിൽ കൊച്ചുവേളി- ശ്രീ ഗംഗാനഗർ എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, തിരുനെൽവേലി- ജാംനഗർ എക്സ്പ്രസ്, കൊച്ചുവേളി- ലോകമാന്യതിലക് എക്സ്പ്രസ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. യാത്രക്കാരുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ പുതുതായി എൻ.എസ്.ജി- 3 കാറ്റഗറിയിൽ എത്തിയ സ്റ്റേഷനുകളാണ് രണ്ടും.
വൈകിട്ട് 6.15ന് കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വിട്ടുകഴിഞ്ഞാൽ പിന്നെ തലശേരി ഭാഗത്തേയ്ക്കു അടുത്ത ട്രെയ്ൻ ലഭിക്കാൻ മൂന്നു മണിക്കൂർ കാത്തിരിക്കണം. അതിനാൽ ഈ സമയങ്ങളിൽ പുതിയ പാസഞ്ചർ ട്രെയ്‌നുകളോ മെമു സർവിസോ ആരംഭിക്കണമെന്നും ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു.
Summary: Stoppage should be allowed for more trains at Vadakara and Thalassery; MP Shafi Parambi submitted a petition to the Union Railway Minister