പഴകിയ മയോണൈസ് മുതല്‍ വൃത്തിഹീനമായ ചൈനീസ് മസാലകൾ വരെ; നാദാപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണങ്ങള്‍ കണ്ടെത്തി, സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്
നാദാപുരം: ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ നാദാപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണങ്ങള്‍ കണ്ടെത്തി. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്.
നാദാപുരത്തെ ‘ബർഗർ ഇഷ്ട്ട’ എന്ന സ്ഥാപനത്തിൽ നിന്നും ഷവർമ ഉണ്ടാക്കാൻ വേണ്ടി സൂക്ഷിച്ച പഴയ ഇറച്ചി, പഴകിയ സാലഡുകൾ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ‘നേഷണൽ ബേക്കറി’യിൽ നിന്ന് വൃത്തിഹീനമായ ചുറ്റുപാടിൽ നിന്ന് ബേക്കറി സാധനങ്ങൾ പാക്ക് ചെയ്യുന്നത് നിർത്തലാക്കി. ‘ഹോട്ടൽ ഫുഡ് പാർക്കിൽ’ നിന്നും പഴകിയ ഫ്രൈഡ്റൈസ്, പഴകിയ ചിക്കൻ പൊരിച്ചത്, പഴകിയ മയോണൈസ്, വൃത്തിഹീനമായ ചൈനീസ് മസാലകൾ, വൃത്തിഹീനമായി സൂക്ഷിച്ച പൊറോട്ട മാവുകൾ എന്നിവ പിടിച്ചെടുത്തു.
അനാരോഗ്യകരമായ ചുറ്റുപാടിൽ നടത്തുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെച്ച് സ്ഥാപനവും പരിസരവും ശുചീകരിച്ച ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കാവൂ എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കേരള പൊതുജനാരോഗ്യ നിയമം ലംഘിച്ചുകൊണ്ട് ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്നതും, ഉണ്ടാക്കുന്നതും, കാറ്ററിംഗ് നടത്തുന്നതും ഗുരുതരമായ നിയമ ലംഘനമാണെന്നും, ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി നിക്ഷേപിക്കുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്നും നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ നവ്യ.ജെ.തൈക്കണ്ടിയിൽ അറിയിച്ചു.
പരിശോധനക്ക് നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ ബാബു. കെ, എം.എൽ.എസ്.പി അനുപ്രിയ എന്നിവർ നേതൃത്വം നൽകി.