വഞ്ചിപ്പാട്ട് മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി കൊച്ചു മിടുക്കികള്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍


ചെമ്പനോട: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി ചെമ്പനോട സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍. ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി സ്‌കൂളിന്റെ യശസ്സുയര്‍ത്തിയിരിക്കുകയാണ് കൊച്ചുമിടുക്കികള്‍.

വിദ്യാര്‍ത്ഥികളായ എല്‍ റിയറോസ്, റിയ ആര്‍ തോമസ്, ബ്രിഡ്ജിറ്റ് തോമസ്, ശ്രീലക്ഷമി, ശ്രീനന്ദന, ഷാരോണിയ ബിജു, ജ്യോതിക പ്രകാശ്, നിരഞ്ജന, അല്‍ ബ്രിറ്റ, പൂജ വിനോദ് എന്നിവരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സര ഇനമായ വഞ്ചിപ്പാട്ടില്‍ മികച്ച പ്രകടനമാണ് വിദ്യാര്‍ത്ഥികള്‍ കാഴ്ച്ചവെച്ചത്.

‘വിശേഷങ്ങളിനിയും പറഞ്ഞുകൊള്‍ക ബന്ധം വിന
വിശക്കുന്നു നമ്മുക്കത് സഹിച്ചു കൂടാ’-

എന്ന രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ ആലപിച്ചത്. മ്യൂസിക് അധ്യാപിക സില്‍വി രാജിന്റെ ശിക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഈ മിന്നുന്ന വിജയം കൈവരിച്ചിരിക്കുന്നത്.