ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവ് കടത്തനാട് മുകുന്ദൻ ഗുരുക്കൾക്ക് ആദരം; വടകരയിൽ സ്പോർട്സ് കളരിപ്പയറ്റ് ഫെഡറേഷൻ പ്രഥമ ജനറൽബോഡി ചേർന്നു


വടകര: സ്പോർട്സ് കളരിപ്പയറ്റ് ഫെഡറേഷന്റെ പ്രഥമ ജനറൽ ബോഡി യോഗവും ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് കടത്തനാട് മുകുന്ദൻ ഗുരുക്കൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പുതുപ്പണം വെളുത്തമല കടത്തനാട് കെ.പി.ചന്ദ്രൻ ഗുരുക്കൾ സ്മാരക കളരിയിൽ വെച്ചായിരുന്നു യോഗം. എസ്.കെ.എഫ് ജില്ലാ പ്രസിഡന്റ്‌ വളപ്പിൽ കരുണൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു.

കെ.വി.രാജൻ ഗുരുക്കൾ സ്വാഗതം പറഞ്ഞു. മുഹമ്മദ്‌ ഗുരുക്കൾ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് കടത്തനാട് മുകുന്ദൻ ഗുരുക്കൾക്ക് കരുണൻ ഗുരുക്കൾ ഉപഹാരം നൽകി ആദരിച്ചു. ജയപ്രകാശ് ഗുരുക്കൾ പറവഞ്ചേരി കോഴിക്കോട് കരുണൻ ഗുരുക്കളെ പൊന്നാട അണിയിച്ചു. കെ.ജി രാധാകൃഷ്ണൻ ഗുരുക്കൾ, ബെൽമൌണ്ട് അശോകൻ ഗുരുക്കൾ, അജയൻ ഗുരുക്കൾ പേരാമ്പ്ര എന്നിവർ സംസാരിച്ചു.

കേരള സ്പോർട്സ് കളരിപയറ്റ് അസോസിയേഷൻ എന്ന സംഘടന നാളിതുവരെയായി മറ്റു കളരി ഗുരുക്കന്മാർക്കും കളരിക്കും അംഗത്വം നൽകാത്തത് മൂലം സർക്കാരിന്റെ ആനുകൂല്യങ്ങൾ ചുരുക്കം ചില കളരിക്കാർക്ക് മാത്രമേ ലഭിക്കുന്നുള്ളൂവെന്നും, സംസ്ഥാന നാഷണൽ മത്സരങ്ങളിൽ ഒട്ടനവധി കളരി സംഗങ്ങളിലെ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതൊന്നും അതുകൊണ്ട് ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.