വാഹനമിടിച്ച് നട്ടെല്ലിനും കാലിനും പരിക്കേറ്റു; വടകര മേപ്പയിൽ കാട്ടുപൂച്ചയ്ക്ക് രക്ഷകരായി നാട്ടുകാർ


വടകര : വാഹനമിടിച്ച് പരിക്കേറ്റ കാട്ടുപൂച്ചയ്ക്ക് രക്ഷകരായി നാട്ടുകാർ. തിങ്കളാഴ്ച മേപ്പയിൽ പച്ചക്കറിമുക്കിന് സമീപമാണ് സംഭവം.

നട്ടെല്ലിനും കാലിനും പരിക്കേറ്റ് നടക്കാൻ കഴിയാത്തവിധത്തിൽ റോഡരികിൽ അവശനിലയിലാണ് കാട്ടുപൂച്ചയെ നാട്ടുകാർ കണ്ടത്. നാട്ടുകാർ കുറ്റ്യാടി വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചത് പ്രകാരം വടകരയിലെ ആനിമൽ റെസ്‌ക്യൂവർ സ്ഥലത്തെത്തി. പൂച്ചയെ കൂട്ടിലാക്കി പുതിയാപ്പ് മൃ​ഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് വനംവകുപ്പധികൃതർ കാട്ടുപൂച്ചയെ ഇന്നലെ കുറ്റ്യാടിയിലേക്ക് കൊണ്ടുപോയി.

നിരീക്ഷണത്തിലാണ് ഇപ്പോൾ കാട്ടുപൂച്ച. ആരോ​ഗ്യം പൂർവ്വസ്ഥിതിയിലായാൽ കാട്ടിലേക്ക് തുറന്ന് വിടും.