പൊറോട്ടയടിച്ചും സ്‌പെഷ്യൽ ചിക്കൻ കറി തയ്യാറാക്കിയും എസ്.കെ.സജീഷ്, കട്ടയ്ക്ക് ഒപ്പം നിന്ന് മറ്റ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും; വയനാടിനുവേണ്ടി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കട


പേരാമ്പ്ര: വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഫണ്ട് സമാഹരണത്തിനായി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കടയുമായി ഡി.വൈ.എഫ്.ഐ. ഇവിടെ പാചകക്കാരനായും പൊറോട്ടയടിക്കാനാരനായുമൊക്കെ മുൻനിരയിൽ നിന്നതാകട്ടെ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷും.

പേരാമ്പ്രയിലെ പ്രശസ്തമായ കോരൻസ് ഹോട്ടൽ ഉടമയുടെ കൊച്ചുമകൻ കൂടിയാണ് എസ്.കെ.സജീഷ്. പാചകത്തോട് താൽപര്യമുള്ളതുകൊണ്ടുതന്നെ പൊറോട്ടയടിയും ചിക്കൻകറിയുണ്ടാക്കലുമെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു.സഹായത്തിനായി പേരാമ്പ്രയിലെ എല്ലാ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമുണ്ടായിരുന്നു. കൂടാതെ മേഖലയിലെ എൽ.ഡി.എഫ് പ്രവർത്തകരും ചായക്കട നടത്തുന്നവർത്ത് തുണയായെത്തി.

പേരാമ്പ്രയിലെ വി.വി.ദക്ഷിണാമൂർത്തി ഹാളിന് സമീപത്തായിരുന്നു ഡി.വൈ.എഫ്.ഐയുടെ ചായക്കട. വയനാടിന്റെ അതിജീവനത്തിനുവേണ്ടിയുള്ള സംരംഭമായതുകൊണ്ടുതന്നെ ജനങ്ങളും എല്ലാ സഹായസഹകരണത്തോടെയും മുന്നോട്ടുവന്നു. അൻപതിനായിരത്തോളം രൂപയാണ് ഇതിലൂടെ ഡി.വൈ.എഫ്.ഐ സമാഹരിച്ചത്.