കൊയിലാണ്ടിയിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിജു ട്രാന്‍സ്ഫറായി വടകരയിലേക്ക് പോകുകയാണ്, പക്ഷേ ഇത്തവണ ഇര്‍ഷാദ് ഒപ്പമില്ല” ഇരുവരുടെയും അപൂര്‍വ്വമായ ജീവിതകഥ ഇങ്ങനെ
കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിജു.ടി.പി വടകരയിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയാണ്. മൂന്നുവര്‍ഷമായി ഒപ്പമുണ്ടായിരുന്ന ജീവനക്കാരനെ വിട്ടുപിരിയുന്നതിന്റെ നോവുണ്ട് സഹപ്രവര്‍ത്തകര്‍ക്കെല്ലാം. എന്നാല്‍ കൊയിലാണ്ടിയിലെ മറ്റൊരു എഫ്.ആര്‍.ഒ ആയ ഇര്‍ഷാദിനെ സംബന്ധിച്ച് ഈ വേദന കുറച്ചധികമാണ്. ആ സങ്കടം എത്രയെന്നറിയണമെങ്കില്‍ ഇവര്‍ തമ്മിലുള്ള ബന്ധം അറിയണം.
പേരാമ്പ്ര കല്ലോട് സ്വദേശിയാണ് ഇര്‍ഷാദ്. ഷിജുവാകട്ടെ ചെറുവണ്ണൂരുകാരനും. ഇരുവരും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ നിന്നല്ല. അതിന് മുമ്പ് ഒരുപാടുകാലത്തെ പരിചയമുണ്ട് ഇവര്‍ക്കിടയില്‍.
ആദ്യമായി ഇരുവരും ആദ്യമായി പരിചയപ്പെടുന്നത് പേരാമ്പ്ര ഹൈസ്‌കൂളില്‍ വെച്ചാണ്. മൂന്നുവര്‍ഷത്തെ വിദ്യാഭ്യാസ ജീവിതത്തിന് ശേഷം രണ്ടുപേരും പിന്നീട് നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരേ ബെഞ്ചില്‍ പ്ലസ്ടു പഠനം.
ശേഷം ഇരുവരും വീണ്ടും ഒന്നിച്ച് പേരാമ്പ്ര സികെജി മെമ്മോറിയല്‍ കോളേജില്‍ ബികോം ഒരേ ക്ലാസ്സില്‍. മൂന്നുനാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരള പി.എസ്.സി വഴിയുള്ള നിയമനത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസില്‍ ഒരേ റാങ്ക് ലിസ്റ്റില്‍ നിന്നും ഒരേ ദിവസം ജോലിക്ക് ജോയിന്‍ ചെയ്തു.
പിന്നീട് തൃശൂരുള്ള ഫയര്‍ഫോഴ്‌സ് അക്കാദമിയില്‍ ആറുമാസത്തെ ബേസിക് ട്രെയിനിങ്ങില്‍ ഒരേ കമ്പനിയില്‍, തൊട്ടടുത്ത കട്ടിലിലും. പരിശീലനത്തിനുശേഷം വടകര ഫയര്‍ സ്റ്റേഷനില്‍ അഞ്ചുവര്‍ഷവും കൊയിലാണ്ടി സ്റ്റേഷനില്‍ മൂന്നു വര്‍ഷവും ഒരുമിച്ചുജോലി. നീണ്ട ഒന്‍പതു വര്‍ഷം സര്‍വീസില്‍ ഒന്നിച്ച് ജോലി. [mid5]
ദീര്‍ഘകാലം പഠിക്കുക എന്നതിലുപരി ഒരേ ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ സ്റ്റേഷനില്‍ ദീര്‍ഘകാലം ഒരുമിച്ചു ജോലി ചെയ്യുക എന്നത് അപൂര്‍വമായിരിക്കുമെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇതൊക്കെ യാദൃശ്ചികമായി സംഭവിച്ചതാണെന്നു ഇരുവരും ചെറുപുഞ്ചിരിയോടെ പറയുന്നു. വീണ്ടും ഒരുമിച്ചു ജോലി ചെയ്യാം എന്ന വിശ്വാസത്തോടെ. [mid6]