‘വിചാരണ കോടതിയില്‍ ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നു, നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല; തൂണേരി ഷിബിൻ വധക്കേസില്‍ ഹൈക്കോടതിയുടേത് സമാശ്വാസ വിധിയെന്ന് ഷിബിന്റെ അച്ഛന്‍


നാദാപുരം: ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന ഹൈക്കോടതി വിധി സമാശ്വാസം നല്‍കിയ വിധിയെന്ന് ഷിബിന്റെ അച്ഛന്‍ ഭാസ്കരന്‍. വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”കഴിഞ്ഞ പത്ത് വര്‍ഷം മുമ്പായിരുന്നു സംഭവം. പത്ത് വര്‍ഷം പൂര്‍ത്തിയാകാന്‍ നൂറ് ദിവസം ബാക്കി നില്‍ക്കെയാണ് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത്. വിചാരണ കോടതിയില്‍ ഇത്തരം ഒരു വിധി പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം എന്ന പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളവും വിധി വലിയ ആശ്വസം തന്നെയാണ്. കേസ് നടത്താന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തന്ന സി.പി.ഐ.എം നാദാപുരം ഏരിയാ കമ്മിറ്റിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി വിധി ഇന്നായിരുന്നു
വന്നത്‌. കേസിലെ 1 മുതൽ 6 വരെയുള്ള പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാർ. ഇവർ ഈ മാസം 15ന് കോടതിയിൽ ഹാജരാകണം. അന്നേ ദിവസമായിരിക്കും ശിക്ഷ വിധിക്കുകയെന്നും ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, സി.പ്രദീപ് കുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

2015 ജനുവരി 28നാണ് വെള്ളൂരില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ 17 പേരായിരുന്നു കേസിലെ പ്രതികൾ. എന്നാല്‍ കേസില്‍ എല്ലാം പ്രതികളെയും വെറുതെ വിട്ടതായി 2016 മെയ് മാസത്തിലാണ് എരഞ്ഞിപ്പാലം അഡീഷണല്‍ സെക്ഷന്‍ കോടതിയുടെ വിധി വന്നത്. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നുവെന്നായിരുന്നു കോടതി വിധി.

Description: Shibin's father said that the high court's verdict in Shibin's murder case was a relief