‘വെറുമൊരു സംഗീതപരിപാടിയല്ല, പേരാമ്പ്രയില്‍ നടക്കുന്നത് ഒരു ശ്രദ്ധ ക്ഷണിക്കല്‍ കൂടിയാണ്’; മാന്ത്രിക ശബ്ദമുള്ള ഗായകന്‍ ഷഹബാസ് അമന്‍ പാട്ടുകളുമായി പേരാമ്പ്രയിലെത്തുന്നു


പേരാമ്പ്ര: പ്രശസ്ത ഗസല്‍-സിനിമാ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ പാട്ടുകളുമായി പേരാമ്പ്രയുടെ മണ്ണിലെത്തുന്നു. നവംബര്‍ 21 നാണ് ഷഹബാസ് അമന്‍ പേരാമ്പ്രയിലെത്തുന്നത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

സംഗീത പരിപാടിക്ക് മാത്രമായല്ല താന്‍ പേരാമ്പ്രയിലെത്തുന്നത് എന്നും ഷഹബാസ് അമന്‍ പറയുന്നു. സംഗീതപരിപാടി എന്നതിന് പുറമെ ഒരു ശ്രദ്ധ ക്ഷണിക്കല്‍ പരിപാടി കൂടിയാണ് എന്ന് ഷഹബാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പേരാമ്പ്രയിലെ മില്‍ക്കിവേ എന്ന ഓഡിയോ പ്രൊഡക്ഷന്‍ സ്ഥാപനത്തിന് വേണ്ടിയാണ് ഷഹബാസ് അമന്‍ വരുന്നത്. സൗണ്ട് എഞ്ചിനീയറിങ്ങിനെ അടുത്തറിയാനും താല്‍പ്പര്യമുള്ളവര്‍ക്ക് തൊഴില്‍മേഖലയാക്കി വികസിപ്പിക്കാന്‍ കോഴ്‌സുകളിലൂടെ അവസരമൊരുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് മില്‍ക്കിവേ. എല്ലാവരും പരിപാടി കാണാനായി എത്തണമെന്ന് ക്ഷണിച്ചുകൊണ്ടാണ് ഷഹബാസ് അമന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എടവരാട് റോഡിലെ മിൽക്കിവേയിലാണ് പരിപാടി നടക്കുന്നത്. പാസ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി 9744577571, 8330823300 എന്നീ നമ്പറുകളിൽ വിളിക്കാം.

ഷഹബാസ് അമന്റ് ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

പേരാമ്പ്രയിലാണ് അടുത്ത പ്രോഗ്രാം! ആ പേരിനൊപ്പം അത്ര സന്തോഷകരമല്ലാത്ത ഓർമ്മകൾ ഇടക്കാലത്ത്‌ നമുക്ക്‌ ഉണ്ടായിട്ടുണ്ടെങ്കിലും ജില്ലയെ മാത്രം ബാധിച്ച ആ കാര്യം ലോകത്തെ മുഴുവൻ വിഴുങ്ങിയ മറ്റൊരു വൈറസിന്റെ കഥയോടൊപ്പം ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരധ്യായത്തിലേക്ക്‌ പിന്മടങ്ങിത്തുടങ്ങി! ജീവിതം വീണ്ടും തളിർത്തു വരുന്നു! ആപൽക്കാലം നീന്തിക്കടന്ന് ഏറ്റവും‌ അവസാനം മാത്രം കരക്കടിഞ്ഞ സംഗീതകാർ ലോകത്തൊട്ടാകെ ഇന്ന് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വലിയ അലകൾ സൃഷ്ടികൊണ്ടിരിക്കുകയാണെന്ന അറിവ്‌ സന്തോഷം നൽകുന്നുവെങ്കിലും വിനോദം എന്നതിനപ്പുറത്ത്‌ ജീവിതയാഥാർത്ഥ്യങ്ങളുമായി നേരിട്ട്‌ ബന്ധമുള്ള ഒരു പ്രധാന തൊഴിലിടം കൂടിയായി അതിനെ ഉൾക്കൊള്ളാനുള്ള ഒരു സ്ഥിതിവിശേഷം ഇനിയും ഇനിയും ആയിവരാനുണ്ടെന്നുള്ളതാണു സത്യം ! ഈ പ്രോഗ്രാമിനു അങ്ങനെയൊരു ഡയമെൻഷൻ കൂടിയുണ്ട്‌ . ഒരു നിലയിൽ പറഞ്ഞാൽ ഈ വരുന്ന 21 നു പേരാമ്പ്രയിൽ നടക്കാൻ പോകുന്നത്‌ ഒരു ശ്രദ്ധക്ഷണിക്കൽ പരിപാടി കൂടിയാണെന്ന് പറയാം! പാട്ടിന്റെ പിന്നാമ്പുറത്തേക്കുള്ള ക്ഷണം! അതിലേക്കുള്ള ഒരു ഗെയ്റ്റ്‌ വേ ആണു വാസ്തവത്തിൽ ഈ പ്രോഗ്രാം!

അതായത് ‌മുഖം മിനുക്കി ആടയാഭരണങ്ങളണിഞ്ഞ്‌ സുസ്മേരവദനത്തോടെ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ പാട്ടുകൾക്കും പിന്നിൽ (റെക്കാർഡിംഗ്‌ ആയാലും ലൈവായാലും) പൊതുലോകത്തിനു അധികം പരിചയമില്ലാത്ത ഒരു സാങ്കേതിക പണിപ്പുരയുടെ ഉറക്കമിളപ്പിന്റെ കഥയുണ്ട്‌ ! ഓഡിയോ സൗണ്ട്‌ എഞ്ചിനീയർമ്മാരുടെയും മ്യൂസിക്‌ പ്രോഗ്രാമർമ്മാരുടെയും പഠിപ്പിന്റെയും പരിചയത്തിന്റെയും ‘കൈപ്പുണ്യത്തിന്റെയും’ കൂടി ഫലം ആവോളം രുചിച്ചനുഭവിച്ച്‌ കൊണ്ടാണു ഇതെഴുതുന്ന ആളടക്കമുള്ള ഗായകവർഗ്ഗം (പ്രത്യേകിച്ചും ഇന്നുള്ള) ജനലക്ഷങ്ങളുടെ ഹർഷാരവം ഏറ്റുവാങ്ങിവിലസിക്കൊണ്ടിരിക്കുന്നത്‌! (ആപേക്ഷികമായി ചലച്ചിത്ര വിഭാവനകളിലും വിഭാഗങ്ങളിലുമാണു ഈ പിന്നണിപ്രവർത്തനം ഏറ്റവും ക്രിയാത്മകമായി ഉൾച്ചേർന്നിരിക്കുന്നത്‌) പഞ്ച്‌ ചെയ്തും പഞ്ചറൊട്ടിച്ചും ഒരു പാട്ടിനെ കേൾക്കാൻ കൊള്ളാവുന്നതാക്കിത്തീർക്കുന്നതിൽ സൗണ്ടെഞ്ചിനീയർമ്മാർ വഹിക്കുന്ന പങ്ക്‌ എന്താണെന്ന് അടുത്തറിയാനും അതിലപ്പുറം പോകാൻ ആഗഹിക്കുന്നവർക്ക്‌ അതിനെ ഒരു കോഴ്സായെടുത്ത്‌ പഠിക്കുവാനും ഒരു തൊഴിൽ മേഖലയാക്കി വികസിപ്പിക്കുവാനുമൊക്കെ അവസരമൊരുക്കിയിട്ടുണ്ട്‌ പ്രിയ പ്രശാന്ത്‌ നേതൃത്വം നൽകുന്ന മിൽക്കിവേ എന്ന ഓഡിയോ പ്രോഡക്ഷൻ സ്ഥാപനം!

റെക്കോർഡിംഗ്‌ സ്റ്റുഡിയോകളുടെ എണ്ണത്തെ അപേക്ഷിച്ച്‌ ഓഡിയോ പഠന സ്ഥാപനങ്ങൾ തുലോം കുറവായിട്ടാണു കണ്ട്‌ വരുന്നത്‌!കഴിഞ്ഞ മൂന്ന് വർഷമായി പല പ്രയാസങ്ങളുമുണ്ടായപ്പോഴും ഒരു പാഷന്റെ പുറത്ത്‌ മറ്റൊന്നിലേക്കും മൂലധനത്തെ വഴിമാറ്റാതെ സംഗീതജ്ഞനും കൂടിയായ പ്രശാന്ത്‌ പിടിച്ച്‌ നിൽക്കുന്നുണ്ട്‌ ഈ മേഖലയിൽ! കോഴിക്കോട്‌ നഗരത്തിൽ നിന്നും ഒന്നര മണിക്കൂറിനുള്ളിൽ മാത്രം യാത്രാദൂരമുള്ള ഒരു വികസ്വര പട്ടണമായിരിക്കുമ്പോഴും ഇങ്ങനെയൊരു സ്ഥാപനം തങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതായി പ്രദേശവാസികൾ അറിഞ്ഞിട്ടില്ലെന്ന ചെറിയൊരു പരിഭവസങ്കടം പ്രശാന്തിനില്ലാതില്ല! ഈ പരിപാടിയോടെ നമുക്കത്‌ തീർക്കണം ! പരിസരവാസികൾ ഉണരുന്നതിനനുസരിച്ച്‌ സ്ഥാപനത്തെ ഉയർത്താൻ പ്രശാന്ത്‌ കിണഞ്ഞു ശ്രമിക്കുന്ന ഒരു രംഗമാണു ഭാവിയിൽ നമ്മൾ പ്രതീക്ഷിക്കുന്നത്‌. അതിനു ഈ പ്രോഗ്രാം നിമിത്തമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ടും പ്രശാന്ത്‌ വെച്ചിരിക്കുന്ന പ്രവേശനോപാധികളിലൊന്നും വ്യക്തിപരമായി കൈകടത്താതെകണ്ടും നിങ്ങളെയെല്ലാവരെയും വിനീതം ഈ പരിപാടിയിലേക്ക്‌ സാദരം ക്ഷണിക്കുന്നു!

നന്ദി.എല്ലാവരോടും സ്നേഹം….