പൊലീസുകാര്‍ ക്വാറി ഉടമകളുടെ കൂലിക്കാരവരുത്, പുറക്കാമലയില്‍ വിദ്യാര്‍ഥിയെ പൊലീസുകാര്‍ കൊലക്കേസ് പ്രതിയെപ്പോലെ തള്ളിക്കൊണ്ട പോയ കാഴ്ച ജനാധിപത്യ കേരളത്തിന് നാണക്കേടെന്നും ഷാഫി പറമ്പില്‍ എംപി


മേപ്പയൂര്‍: പൊലീസുകാര്‍ പൊലീസുകാരുടെ പണിയാണ് ചെയ്യേണ്ടതെന്നും ക്വാറി ഉടമകളുടെ കൂലിക്കാരായി മാറരുതെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. പുറക്കാമല സംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സംഭവം സൂചിപ്പിച്ചാണ് പൊലീസിനെതിരെ എം.പിയുടെ വിമര്‍ശനം.

പുറക്കാമലയില്‍ പൊലീസ് ചെയ്തതത് അക്ഷന്തവ്യമായ തെറ്റാണ്. കാഴ്ചക്കാരനായി നിന്ന മേപ്പയൂര്‍ ഗവ.ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ട പാവം വിദ്യാര്‍ഥിയെ കൊലക്കേസ് പ്രതിയെ പിടികൂടുന്നത് പോലെ എട്ടോളം പൊലീസുകാര്‍ തള്ളികൊണ്ടു പോകുന്ന കാഴ്ച ജനാധിപത്യ കേരളത്തിന് നാണക്കേട് ഉണ്ടാക്കിയ സംഭവമാണ്. സമരസമിതി പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രിയിലുള്ള പൊലീസ് പരിശോധനയും അവരുടെ വാഹനങ്ങള്‍ തല്ലിതകര്‍ക്കുന്നതും അനുവദിക്കുകയില്ലെന്നും ഷാഫി പറഞ്ഞു.

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയില്‍ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പയ്യോളി അങ്ങാടി ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം വി.പി.ദുല്‍ഖിഫിലാണ് പരാതി നല്‍കിയത്.