തന്നെ തിരുത്താനുള്ള അവകാശം ജനങ്ങൾക്കും മുന്നണിക്കുമുണ്ടെന്ന് ഷാഫി പറമ്പിൽ എം പി ; വടകരയിൽ എം.പി ഓഫീസ് തുറന്നു
വടകര: തന്റെ പ്രവർത്തനത്തിൽ പോരായ്മകളും കുറവുകളും ഉണ്ടെങ്കിൽ തന്നെ തിരുത്താം. അതിനുള്ള അവകാശം മുന്നണിക്കും ജനങ്ങൾക്കുമുണ്ടെന്ന് ഷാഫി പറമ്പിൽ എം പി. വടകരയിൽ എം പി ഓഫീസ് തുറന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് മേൽ അധികാരം അടിച്ചേൽപ്പിക്കുന്ന ഒരിടമല്ല എം പി ഓഫീസ് . അവർക്ക് അധികാരത്തോടെ വന്നിരുന്ന് കാര്യങ്ങൾ തുറന്ന് പറയാൻ കഴിയുന്ന സ്ഥലമാകുമെന്നും എം പി പറഞ്ഞു. പ്രതിബന്ധതയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം പി ഓഫീസിന്റെ ഉദ്ഘാടനം മുൻ എം പിയും കെ പി സി സി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. കെ കെ രമ എംഎൽഎ, മുൻ എം എൽ എ പാറക്കൽ അബ്ദുള്ള എന്നിവരും മറ്റു യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.