അമല്‍ കൃഷ്ണയുടെ മരണം ഉള്‍ക്കൊള്ളാനാവാതെ നാട്; മേപ്പയ്യൂരില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. അമല്‍ കൃഷ്ണയുടെ മരണത്തില്‍ അനുശോചിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ പരിസരത്ത് യോഗം ചേര്‍ന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.വി അനുരാഗ്, ഏരിയ സെക്രട്ടറി അമല്‍ജിത്ത്, എസ്എഫ്‌ഐ മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി ദേവാനന്ദ്, പ്രസിഡന്റ് അമല്‍ജിത്ത് വള്ളില്‍, നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി അനൂജ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ 7 മണിയോടെ നരക്കോടുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവും വഴിയാണ് മേപ്പയ്യൂര്‍ ടൗണിനു അടുത്ത് വച്ച് അമല്‍ കൃഷ്ണ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍ പെടുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

മേപ്പയ്യൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അമല്‍ പഠനത്തോടൊപ്പം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. എസ്എഫ്‌ഐ മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയും മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി വൈസ്.പ്രസിഡന്റുമായിരുന്നു.

മേപ്പയ്യൂര്‍ ഹൈസ്‌കൂളിന് സമീപം രയരോത്ത് മീത്തല്‍ ബാബുവിന്റെയും ബിന്ദുവിന്റെയും മകനാണ്. അഞ്ജന സഹോദരിയാണ്.