ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി


കൊയിലാണ്ടി: ലൈംഗിക പീഡന കേസിൽ പ്രതിയായ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ കൊയിലാണ്ടി സ്റ്റേഷനിലെത്തി കീഴടങ്ങി. നാളുകളായി ഒളിവിലായിരുന്ന ഇയാൾ ഇന്ന് രാവിലെ പത്തു മണിയോടെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്ധ്യോഗസ്ഥർ മുന്നിൽ ഹാജരാവുകയായിരുന്നു.

കൊയിലാണ്ടി സിഐ കെ.ആർ.രഞ്ജിത്ത് മുമ്പാകെയാണ് ഇയാൾ കീഴടങ്ങിയത്. പോലീസ് ഇയാളുടെ മൊഴിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ശേഷം ഒരു ലക്ഷം രൂപയും രണ്ടു പേരുടെ ആള്‍ജാമ്യത്തിലും ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

കൊയിലാണ്ടയിൽ രേഖപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.

ആദ്യത്തെ കേസ് കൊയിലാണ്ടിയിൽ തന്നെയാണെങ്കിലും ഡി.വൈ.എസ്.പി യാണ് കേസ് അന്വേഷിക്കുന്നത്. സിവിക്കിന്റെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ അം​ഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് എ ബദ്റുദ്ദീന്റേതാണ് ഉത്തരവ്.

2020 ഫെബ്രുവരി 18 ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ആണ് കൊയിലാണ്ടി പോലീസ് രണ്ടാമത്തെ കേസെടുത്തത്. പരാതി ലഭിച്ച അന്ന് തന്നെ ഇരയുടെ മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

കൊയിലാണ്ടി സ്വദേശിനിയായ എഴുത്തുകാരിക്കെതിരായ ലൈംഗികാതിക്രമത്തിലാണ് സിവിക് ചന്ദ്രനെതിരെ ആദ്യം പരാതി ഉയർന്നത്. ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നത്. ഈ കേസിൽ കോഴിക്കോട് ഡിവൈഎസ്പിക്ക് മുമ്പാകെ സിവിക് ചന്ദ്രൻ ഈ മാസം 25ന് ഹാജരാവും. 2022 ജൂലായ് 15നാണ് സിവിക് ചന്ദ്രനെതിരെ ആദ്യത്തെ പീഡന കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.