മൂടാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ, പ്രതി പോക്‌സോ കേസിൽ പൊലീസ് അന്വേഷിക്കുന്ന ആൾ


കൊയിലാണ്ടി: മൂടാടി ഹിൽബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം കാണിച്ച യുവാവ് പിടിയിൽ. മൂടാടി സ്വദേശി പ്രശോഭ് (24)നെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ചയാണ്‌ കേസിനാസ്പദമായ സംഭവം. ബൈക്കിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായാണ് യുവാവ് ഇവിടെയെത്തിയത്. ചികിത്സയ്ക്കിടെ ജീവനക്കാരിയോട്‌ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ജീവനക്കാരി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്‌.

സ്‌റ്റേഷനിലെത്തിച്ച പ്രതിയെ കണ്ട് സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയോടെ പോക്‌സോ കേസിൽ പോലീസ് തിരയുന്ന പ്രതിയും ഇയാളാണെന്ന് കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ്‌ നന്തി ഇരുപതാം മൈലിൽ ബസ് ഇറങ്ങിനടക്കുകയായിരുന്ന പെൺകുട്ടിയോടും ഇയാൾ ഇത്തരത്തിൽ ലൈംഗികാതിക്രം കാട്ടിയിരുന്നു. സ്‌ക്കൂട്ടറിലെത്തിയാണ് പ്രതി അതിക്രമം കാട്ടിയത്. കുട്ടിയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പെൺകുട്ടി ഇയാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്‌.

നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രമേശൻ, മണി, എ.എസ്.ഐമാരായ ബിജു വാണിയംകുളം, രഞ്ജിത്ത്, എസ്.സി.പി.ഒമാരായ പ്രവീൺ, അനീഷ് മടോളി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കണ്ണൂർ സ്വദേശിയായ യുവാവ് കുറച്ച് കാലമായി മൂടാടിയിൽ വാടകയ്ക്ക് താമസിക്കുകയാണ്.