വിനോദ സഞ്ചാരത്തിനിടെ തുഷാരഗിരി -ചിപ്പിലിത്തോട് റോഡില്‍ നരിക്കുനി സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ മതിലിലിടിച്ചു; രണ്ടു വയസ്സുകാരിയുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്


താമരശ്ശേരി: ട്രാവലര്‍ മതിലിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നരിക്കുനി, പാലോളിതാഴം, കുരുവട്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പെട്ടത്. തുഷാരഗിരി -ചിപ്പിലിത്തോട് റോഡില്‍ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം.

വിനോദയാത്രക്കെത്തിയ ഇവര്‍ വയനാടെത്തി തിരിച്ച് ചുരം ചിപ്പിലിത്തോട് വഴി തുഷാരഗിരിയിലേക്ക് പോകുമ്പോള്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ കുരുവട്ടൂര്‍ ശബീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നരിക്കുനി സ്വദേശികളായ ഹംസകോയ (50), ഹാജറ (40), മൈമൂന(49), മറിയ (65), റഹീസ് കുരുവട്ടൂര്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും, ഫാസില(28), ജസീല (20), ജലീല (24), സല്‍മ നഹാസ് (2), ഷറീന (30) എന്നിവരെ താമരശ്ശേരി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കുറച്ചുപേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു.

summary: several people were injured in the accident when the traveler crashed into the wall during the tour