‘വടകര ഭാഗത്ത് ദേശീയപാത നിർമ്മാണത്തിൽ ഗുരുതര വീഴ്ച, വഗാഡ് കമ്പനിയുടെത് അശാസ്ത്രീയമായ നിർമ്മാണ രീതി’; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കെ.കെ.രമ എം.എൽ.എ


വടകര: ദേശീയ പാതാ വികസന പ്രവൃത്തിയുടെ ഭാഗമായി വടകരയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന കെ.കെ.രമ എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ദേശീയപാതയുടെ മൂരാട് പാലം മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള വടകര റീച്ചിൻ്റെ നിർമ്മാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് കെ.കെ.രമ പറഞ്ഞു.

നിരവധി പ്രശ്നങ്ങൾ നേരത്തെയും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും പല വിഷയത്തിലും മന്ത്രി ഇടപെടുകയും ചെയ്തിട്ടുണ്ട്. മഴ പെയ്തതോടെ സമീപത്തുള്ള വീടുകളിൽ വെള്ളം കയറി പല വീടുകളിലും താമസിക്കാൻ കഴിയാത്ത നിലയിലാണ്. ഡ്രൈനേജിൻ്റെ നിർമ്മാണത്തിലെ അപാകത മൂലം ചോറോട് ഭാഗത്ത് 25 ഓളം വീടുകളിൽ വെള്ളം കയറി പല കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കേണ്ടിവന്നു.

ഉയരത്തിൽ മണ്ണെടുത്ത സ്ഥലങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മണ്ണിടിച്ചിൽ തടയുന്നതിന് സ്വീകരിച്ച സോയിൽ ലൈനിംഗ് എന്ന മാർഗ്ഗം ശാസ്ത്രീയമല്ല എന്നതിൻ്റെ തെളിവാണ് മുക്കാളിയിൽ 15 മീറ്ററോളം ഉയരത്തിൽ മണ്ണെടുത്ത ഭാഗത്ത് സോയിൽ ലൈനിംഗ് ചെയ്ത ഭാഗം അപകടകരമായ നിലയിൽ ഇടിഞ്ഞുതാഴ്ന്നത്. വാഗാഡ് കമ്പനിയുടെ നിർമ്മാണ പ്രവൃത്തിയിൽ വലിയ അപാകതയുണ്ട്. വീഴ്ച വരുത്തിയ ഉദ്യോസ്ഥരുടെ പേരിൽ നടപടി എടുക്കണമെന്നും കെ.കെ.രമ എം.എൽ.എ പറഞ്ഞു.

ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അപാകതകൾ പരിഹരിക്കാൻ യോഗം ചേരുകയും വീഴ്ചകൾ പരിശോധിക്കാൻ നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും എം.എൽ.എയുടെ സബ്മിഷന് മറുപടിയായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവം പരിശോധിച്ച് എൻ.എച്ച്.ഐയോട് റിപ്പോർട്ട് ചെയ്യും. അപാകതകൾ പരിഹരിച്ച് 2025 ഓടെ ദേശീയപാത യാഥാർത്യമാകുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.