കലാപ്രതിഭകള്‍ ഇന്ന് മുതല്‍ വടകരയുടെ മണ്ണില്‍ മാറ്റുരയ്ക്കും; ജില്ലാ കലോത്സവത്തിന് തുടക്കം
വടകര: അറുപത്തി ഒന്നാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് വടകരയില്‍ തുടക്കം. പ്രധാന വേദിയായ സെന്റ് ആന്റണീസ് സ്‌കൂളിലാണ് ഇന്നത്തെ മത്സരം.
ചിത്രരചനാ മത്സരം(പെന്‍സില്‍, ജലഛായം), കഥാരചന, കവിതാ രചന, ഉപന്യാസം, സമസ്യ പരുരാണം, ഗദ്യ പാരായണം, പ്രശ്‌നോത്തരി, സിദ്ദരൂപോച്ചാരണം, ഗദ്യ വായന, തര്‍ജ്ജമ, പദപ്പയറ്റ്, പദകേളി, ക്വിസ്, അറബിക് ഉപന്യാസം, അറബിക് കഥാരചന, ക്യാപ്ഷന്‍ രചന, തര്‍ജ്ജമ, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മാണം, സംസ്‌കൃത ഉപന്യാസം തുടങ്ങിയവയാണ് ഇന്ന് നടക്കുക. 22 മുറികളിലായാണ് ഇന്നത്തെ മത്സരം.
എട്ടായിരത്തിലധികം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന കലോത്സവം തിങ്കളാഴ്ച രാവിലെ 9ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ. നരസിംഹുരി ടി.എന്‍. റെഡ്ഡി മുഖ്യാതിഥിയായി സംസാരിക്കും.
അതേസമയം, റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം വടകര നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അടക്കാതെരുവ് ജങ്ഷന്‍ മുതല്‍ അഞ്ച് വിളക്ക് ജങ്ഷന്‍ വരെയും പാര്‍ക്ക് റോഡിലെയും ഈ റോഡുകളിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകളിലെയും വാഹന ഗതാഗതം പൂര്‍ണമായും നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ നിരോധിക്കും.
പഴയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന സര്‍വിസ് ബസുകള്‍ പൂര്‍ണമായും പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റും. പഴയ ബസ് സ്റ്റാന്‍ഡിലും കോട്ടപ്പറമ്പിലും കലോത്സവവുമായി ബന്ധപ്പെട്ടുള്ള സ്‌കൂള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യും. തലശ്ശേരി, കുറ്റ്യാടി-തൊട്ടില്‍പാലം ഭാഗത്തുനിന്നു വരുന്ന ലോക്കല്‍ ബസുകള്‍ ബൈപാസ് വഴി ലിങ്ക് റോഡില്‍ പ്രവേശിച്ച് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് സര്‍വിസ് നടത്തണം.
വില്യാപ്പള്ളി, ആയഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ബൈപാസ് വഴി ലിങ്ക് റോഡില്‍ പ്രവേശിച്ച് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് സര്‍വിസ് നടത്തണം. നഗരസഭയുടെ പേ പാര്‍ക്കിങ്ങിന് മുന്നിലുള്ള ഓട്ടോ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും. ഓട്ടോകള്‍ ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്ത് സര്‍വിസ് നടത്തണം.