‘രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട്’; കണ്ണൂക്കരയിൽ ഹൈവേ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുന്നത് നേരിൽ കണ്ട അനുഭവം പങ്കുവച്ച് പഞ്ചായത്തം​ഗം



കണ്ണൂക്കര: ദേശീയപാതയിൽ കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പഞ്ചായത്തം​ഗംവും സുഹൃത്തും. ഒഞ്ചിയം പഞ്ചാത്ത് രണ്ടാം വാർഡ് അം​ഗം വി ​ഗോപാലകൃഷ്ണനും സുഹൃത്തുമാണ് രക്ഷപ്പെട്ടത്.

മേലെ കണ്ണൂക്കര കോൺക്രീറ്റ് ചെയ്ത ഹൈവേ സംരക്ഷണ ഭിത്തിയിൽ വിള്ളലുണ്ടായെന്ന് പ്രദേശവാസി വിളിച്ചു പറ‍ഞ്ഞതിനെ തുടർന്നാണ് ​തങ്ങൾ സ്ഥലത്തെത്തിയത് . ഇത് പരിശോധിക്കുന്നതിനിടെ പെട്ടെന്ന് മണ്ണ് ഇടിഞ്ഞ് റോ​‍‍ഡിലേക്ക് വീഴുകയായിരുന്നുവെന്ന് വാർഡ് അം​ഗം ​ഗോപാലകൃഷ്ണൻ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. ഭാ​ഗ്യം കൊണ്ടാണ് ഞങ്ങൾ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് ഇടിഞ്ഞ് താഴ്ന്ന മണ്ണ് പൂർണമായും നീക്കാനാവില്ല. അത് കൂടുതൽ മണ്ണ് ഇടിഞ്ഞ് വീഴുന്നതിന് കാരണമാകുമെന്നും ​അദ്ദേഹം പറഞ്ഞു. ​ഗതാ​ഗത തടസം നീക്കുന്നതിന് വേണ്ടി കൂടുതൽ മണ്ണ് വീണ ഭാ​ഗത്തെ മണ്ണാണ് ഇപ്പോൾ നീക്കികൊണ്ടിരിക്കുന്നത്.

മണ്ണിടിഞ്ഞ വീണ ഭാഗങ്ങളിൽ വീണ്ടും അപകടത്തിന് സാധ്യതയുണ്ട്. ഇതേ തുടർന്ന് പ്രദേശത്തെ വീട്ടുകാരും ഭീതിയിലാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. രാവിലെ 8.30 ഓടെയാണ് മേലെ കണ്ണൂക്കര കോൺക്രീറ്റ് ചെയ്ത ഹൈവേ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്. തുടർന്ന് ദേശീയ പാതയിൽ ​ഗതാത​ഗതം തടസപ്പെട്ടു.

ALSO READ- വടകര കണ്ണൂക്കര ദേശീയപാതയിൽ മണ്ണിടിച്ചിൽ; ​​ഗതാ​ഗതം തടസപ്പെട്ടു