പാലക്കാട് പിടിക്കാൻ സരിൻ, ചേലക്കര നിലനിർത്താൻ പ്രദീപ്; ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു


പാലക്കാട്: ഒടുവിൽ പാലക്കാട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സി.പി.ഐ.എം. പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി.സരിൻ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ചേലക്കരയിൽ മുൻ എംഎൽഎയായ യു.ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം.

ചേലക്കരയിൽ കെ രാധാകൃഷ്ണൻ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പാർട്ടിക്ക് വിശ്വാസമുണ്ടെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി. സരിന് പാർട്ടി ചിഹ്നമുണ്ടാകില്ലെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

പാലക്കാട് എൽഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടം. ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സരിന് ഇപ്പോഴാണ് വിവേകം ഉണ്ടായത്. സരിനെ പുറത്താക്കാനുള്ള ഒരു അവസരത്തിനായി കോൺഗ്രസ് കാത്തിരിക്കുകയായിരുന്നു. സാഹചര്യം ഒത്തുകിട്ടിയപ്പോൾ സരിനെയും കോൺഗ്രസ് പുറത്താക്കി.

പാർട്ടി വിട്ടുപോയ പലകണ്ണികളും ഇത്തവണ ഒന്നിക്കും. ഷാഫി പറമ്പിലിന് കിട്ടിയ വോട്ടുകൾ എന്തായാലും ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കില്ല. പാലക്കാട് സുരക്ഷിതമാണെന്നത് കോൺഗ്രസിന്റെ തെറ്റായ ധാരണ മാത്രമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ ഇത്തവണ പ്രകടമാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Summary: Sarin to hold Palakkad, Pradeep to hold Chelakkara; CPM announced candidates for by-elections